പതിനാലാമത് ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് ജില്ലയിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.



പതിനാലാമത് ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് ജില്ലയിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും സ്വീപ് പ്രവർത്തനങ്ങളുടെയും ഭാഗമായി പ്രൊവിഡൻസ് വിമൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഇന്റർ കോളേജ് ക്വിസ് മത്സരവും ജില്ലാതല ആഘോഷവുമാണ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പു ഓഫീസർ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവ്വഹിച്ചു. കൂടുതൽ ശക്തിയും ഉത്തരവാദിത്തവും പുതിയ വോട്ടർമാർക്കുണ്ടെന്നും പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കി വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്നും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് കലക്ടർ പറഞ്ഞു. ചടങ്ങിൽ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്ത വിദ്യാർത്ഥികൾക്ക് കലക്ടർ വോട്ടർ തിരിച്ചറിയൽ കാർഡ് കൈമാറി.
സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച സെൽഫി പോയിന്റിന്റെ ഉദ്ഘാടനവും ജില്ലാ കലക്ടർ നിർവ്വഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ശീതൾ ജി മോഹൻ അധ്യക്ഷത വഹിച്ചു.
‘വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാൻ വോട്ട് ചെയ്യും ഉറപ്പായും’ എന്ന സന്ദേശത്തിൽ സംഘടിപ്പിച്ച സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി പ്രൊവിഡൻസ് വിമൻസ് കോളേജ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച സ്കിറ്റും വേദിയിൽ അരങ്ങേറി.
ഇന്റർ കോളേജ് ക്വിസ് മത്സരത്തിൽ മുക്കം എം.എ.എം.ഒ കോളേജിലെ കെ മുഹമ്മദ് ഷാനിദ്, കെ മുഹമ്മദ് റാഷിദ് എന്നിവർ ഒന്നാം സ്ഥാനവും ഫാറൂഖ് കോളേജിലെ കെ എം മുഹമ്മദ് അമീൻ, എൻ അമൽ ഹസിൻ എന്നിവർ രണ്ടാം സ്ഥാനവും ഗവൺമെന്റ് ലോ കോളേജിലെ എം എസ് അദ്വൈത്, നവനീത് സുരേഷ് എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയ്ൻ സമ്മാനിച്ചു.
വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിരയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും പൂക്കള മത്സര വിജയികൾക്ക് ട്രോഫിയും ചടങ്ങിൽ കൈമാറി.
അസിസ്റ്റൻറ് കലക്ടർ പ്രതീക് ജെയ്ൻ, പ്രൊവിഡൻസ് വിമൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ അഷ്മിത എ സി , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. സംഗീത ജി കൈമൾ എന്നിവർ സംസാരിച്ചു. കോഴിക്കോട് താലൂക്ക് തഹസിൽദാർ എ എം പ്രേംലാൽ സ്വാഗതവും ഇലക്ട്രൽ ക്ലബ്ബ് കോഡിനേറ്റർ വി ഹനസ് നന്ദിയും പറഞ്ഞു.








