പാഠപുസ്തകത്തിൽ നിന്ന് പാടത്തേക്ക്; ‘കതിര്’ കാർഷിക ക്ലബ്ബുകൾക്ക് തുടക്കമിട്ട് ജില്ലയിലെ സ്കൂളുകൾ

കോഴിക്കോട്: പാഠപുസ്തകങ്ങളിലെ കൃഷി അറിവുകൾ സ്കൂൾ മുറ്റത്തേക്ക് എത്തിക്കുന്ന സംസ്ഥാനതല ‘കതിര്’ (കേരള അഗ്രിക്കൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നോവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിംഗ്) പദ്ധതിക്ക് ജില്ലയിലെ സ്കൂളുകളിൽ തുടക്കമായി. കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംസ്ഥാനത്തെ 500 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ 38 വിദ്യാലയങ്ങളാണ് പങ്കാളികളാകുന്നത്.

ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16-ന് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മണ്ണിൽ വിത്തിട്ട് ചെടി വളർത്തിയും വിളവെടുത്തും കൃഷിയുടെ പാഠങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്നതിനൊപ്പം ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യം, സുസ്ഥിര കൃഷി എന്നിവയിൽ പുതുതലമുറയ്ക്ക് അവബോധം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലയിലെ വിവിധ സ്കൂളുകളിൽ ഇതിനകം നടീൽ ആരംഭിച്ചിട്ടുണ്ട്. നാളെ (25)യോടെ എല്ലാ സ്കൂളുകളിലും നടീൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. അധ്യാപക നോഡൽ ഓഫീസർമാർക്കും കൃഷി ഉദ്യോഗസ്ഥർക്കുമുള്ള ജില്ലാതല പരിശീലനം നവംബർ 16-ന് പൂർത്തിയായി.

ജൈവകൃഷി, സ്കൂൾ കാർഷിക ഉദ്യാനം, വിത്ത് ബാങ്ക്, മണ്ണ് സംരക്ഷണം എന്നിവയ്ക്കൊപ്പം ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, ലംബകൃഷി, ഡ്രിപ്പ് ഇറിഗേഷൻ തുടങ്ങിയ ആധുനിക കൃഷിരീതികളും ക്ലബ്ബുകളിലൂടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും. കൃഷിയിൽ താൽപര്യമുള്ള 25 മുതൽ 30 വരെ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ക്ലബ്ബുകൾ അധ്യാപകരുടെയും വിദ്യാർത്ഥി നോഡൽ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

ജി.യു.പി.എസ് ഒല്ലൂർ, ദേശസേവ എ.യു.പി.എസ് കുറുമ്പൊയിൽ, നന്മണ്ട എ.യു.പി.എസ്, മർക്കസ് ഗേൾസ് എച്ച്.എസ്.എസ്, നിർമല എ.യു.പി.എസ് കാറ്റുള്ളമല, ആയഞ്ചേരി എൽ.പി.എസ് തുടങ്ങി ജില്ലയിലെ 38 വിദ്യാലയങ്ങളാണ് ആദ്യഘട്ടത്തിൽ മണ്ണിൽ പൊന്നുവിളയിക്കാൻ ഒരുങ്ങുന്നത്. ചലച്ചിത്ര താരം മോഹൻലാൽ ബ്രാൻഡ് അംബാസഡറായ ‘കതിര്’ പദ്ധതി വിദ്യാർത്ഥികൾക്ക് കാർഷിക രംഗത്തേക്കിറങ്ങാൻ വലിയ പ്രചോദനമാണ് നൽകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!