ഉപജില്ലാ കലാമേളയ്ക്ക് കൊടിയിറങ്ങി; ഹൈസ്കൂളിൽ തിരുവങ്ങൂരും ഹയർ സെക്കൻഡറിയിൽ കൊയിലാണ്ടി മാപ്പിളയും ചാമ്പ്യൻമാർ

കൊയിലാണ്ടി : നാലു ദിവസങ്ങളിലായി പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേളയ്ക്ക് പ്രൗഢോജ്വല സമാപനം. വിവിധ വേദികളിലായി കലയുടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ അരങ്ങേറിയപ്പോൾ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലിയാണ് കലോത്സവത്തിന് സാക്ഷ്യം വഹിച്ചത്.
വിവിധ വിഭാഗങ്ങളിലെ ചാമ്പ്യൻമാർക്കുള്ള ട്രോഫികൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. ബാലുശ്ശേരി എം.എൽ.എ. വി.ടി. സൂരജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്ലീന നാസർ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷോമ ഷീനാലയം സ്വാഗതം പറഞ്ഞു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, ജില്ലാ പഞ്ചായത്ത് അംഗം ലത കെ. പൊറ്റയിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ഷാനി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ ശ്രീജ ടീച്ചർ, മിഥുൻ കെ. എന്നിവർ ആശംസകൾ നേർന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ 262 പോയിന്റ് നേടി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 249 പോയിന്റുമായി പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 261 പോയിന്റ് നേടി കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി. 235 പോയിന്റുമായി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി.
എൽ.പി. ജനറൽ വിഭാഗത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസ്., ശ്രീരാമനന്ദ സ്കൂൾ, ഇലാഹിയ കാപ്പാട്, ജി.യു.പി.എസ്. ഒള്ളൂർ, കാരയാട് എം.എൽ.പി. സ്കൂൾ എന്നിവ 65 പോയിന്റ് വീതം നേടി സംയുക്ത ചാമ്പ്യൻമാരായി. ജി.എം.യു.പി. സ്കൂൾ വേളൂർ, കോതമംഗലം ജി.എൽ.പി. സ്കൂൾ, എടക്കുളം വിദ്യാതരംഗിണി സ്കൂൾ എന്നിവ 63 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിട്ടു.
യു.പി. ജനറൽ വിഭാഗത്തിൽ 80 പോയിന്റ് വീതം നേടി പൊയിൽക്കാവ് യു.പി. സ്കൂൾ, ജി.എം.യു.പി. സ്കൂൾ വേളൂർ, ഐ.സി.എസ്. സെക്കൻഡറി സ്കൂൾ കൊയിലാണ്ടി, ഇലാഹിയ എച്ച്.എസ്.എസ്. കാപ്പാട്, ചേമഞ്ചേരി യു.പി.എസ്., ജി.യു.പി.എസ്. കന്നൂർ, തിരുവങ്ങൂർ എച്ച്.എസ്.എസ്., കൊല്ലം യു.പി. സ്കൂൾ എന്നിവ സംയുക്ത ചാമ്പ്യൻമാരായി. ജി.യു.പി.എസ്. ആന്തട്ടയും കാവുംവട്ടം യു.പി. സ്കൂളും 78 പോയിന്റുമായി രണ്ടാം സ്ഥാനം നേടി.
അറബിക് സാഹിത്യോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ കാരയാട് എം.എൽ.പി. സ്കൂൾ, ജി.എം.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി, ചേമഞ്ചേരി യു.പി. സ്കൂൾ, തിരുവങ്ങൂർ എച്ച്.എസ്.എസ്., അരിക്കുളം യു.പി. സ്കൂൾ എന്നിവ ചാമ്പ്യൻമാരായി. യു.പി. വിഭാഗത്തിൽ ജി.എം.യു.പി. സ്കൂൾ വേളൂരും ചേമഞ്ചേരി യു.പി. സ്കൂളും 65 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. കാരയാട് യു.പി. സ്കൂളും അരിക്കുളം യു.പി. സ്കൂളും 63 പോയിന്റുമായി രണ്ടാം സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയിന്റ് നേടി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി ചാമ്പ്യൻമാരായി. 93 പോയിന്റുമായി ഐ.സി.എസ്. കൊയിലാണ്ടി രണ്ടാം സ്ഥാനം നേടി.
സംസ്കൃതോത്സവത്തിൽ യു.പി. വിഭാഗത്തിൽ 81 പോയിന്റുമായി അരിക്കുളം യു.പി. സ്കൂൾ ഒന്നാം സ്ഥാനവും 80 പോയിന്റുമായി കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. എൽ.പി., യു.പി. വിഭാഗങ്ങളിലെ ഓവറോൾ ചാമ്പ്യൻഷിപ്പിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളും ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. ജി.എം.യു.പി. സ്കൂൾ വേളൂർ രണ്ടാം സ്ഥാനം നേടി. എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലെ ഓവറോൾ ചാമ്പ്യൻഷിപ്പിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
കലാമേളയുടെ പ്രമോഷനായി എ.ഐ. വീഡിയോ തയ്യാറാക്കിയ ജി.എച്ച്.എസ്.എസ്. പന്തലായനിയിലെ അക്ഷര കൃഷ്ണയ്ക്ക് ചടങ്ങിൽ ഉപഹാരം നൽകി.
സംഘാടക സമിതി ചെയർമാൻ ഭാസ്കരൻ കെ.എൽ., ജനറൽ കൺവീനർ ചിത്രേഷ് പി.ജി., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മഞ്ജു എം.കെ., ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ട്രോഫി കമ്മിറ്റി കൺവീനർ അർജുൻ എൻ.എസ്. നന്ദി പറഞ്ഞു












