ദേശീയപാതയിലെ നിയമലംഘനങ്ങൾക്കെതിരെ നടപടി; 22 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കോഴിക്കോട്: ദേശീയപാതയിലെ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. മലപ്പുറത്ത് നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 22 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. പ്രോസിക്യൂഷൻ നടപടികൾക്ക് പുറമെയാണ് ലൈസൻസ് റദ്ദാക്കാനുള്ള നീക്കം.
ഹെവി വാഹനങ്ങൾ ഫാസ്റ്റ് ട്രാക്കിലൂടെ ഓടിക്കുക, അനധികൃതമായി എൻട്രി–എക്സിറ്റ് ഉപയോഗിക്കുക, ഹൈവേയിൽ വാഹനങ്ങൾ നിർത്തിയിടുക, യാത്രക്കാരെ ഇറക്കാൻ സ്പീഡ് ട്രാക്കിൽ വാഹനങ്ങൾ നിർത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കും.
ദേശീയപാതയിലെ അപകടസാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് റോഡ് സുരക്ഷാ ബോധവത്കരണവും നൽകുന്നുണ്ട്. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.












