സംസ്ഥാനത്ത് തുലാവർഷം നാളെ എത്താൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് തുലാവർഷം നാളെ എത്താൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാർമേഘങ്ങൾ തീരത്തേക്ക് കയറി തുടങ്ങി. കേരളത്തിൽ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
വടക്കു-കിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്ന തുലാവർഷം എത്തുമ്പോൾ തന്നെ തെക്കു-പടിഞ്ഞാറൻ മൺസൂൺ എന്നറിയപ്പെടുന്ന കാലവർഷം പിൻവാങ്ങും. തുലാവർഷത്തിന്റെ തുടക്കത്തിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി
നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്.16-ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 17-ന് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും 18-ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് നൽകി.
ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന ഈ മഴക്കാലത്ത്, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്തെ രണ്ടാം മഴക്കാലമാണിത്. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. വടക്കോട്ട് നീങ്ങുന്തോറും മഴയുടെ അളവും ശക്തിയും കുറയും. മഴയുടെ ഇടവേളകളിൽ വെയിലും ചൂടുമുണ്ടാകും. സാധാരണ ഒക്ടോബറിലാണ് ഏറ്റവുമധികം മഴ ലഭിക്കുക. ഡിസംബറോടെ മഴയുടെ ശക്തി കുറയും. തുടർന്ന് തണുപ്പുകാലം തുടങ്ങും.
ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷത്തിന്റെ നേർ വിപരീതമാണ് തുലാവർഷം. ഒക്ടോബർ പകുതിയോടെ തുടങ്ങി ഡിസംബർ വരെയാണ് തുലാമഴ പെയ്യുക. ഇരുണ്ടുകൂടുന്ന മഴമേഘങ്ങളും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ തുടക്കമെന്ന സൂചനകൾ നൽകുന്നത്.












