കോഴിക്കോട് ജില്ലാ ഇന്ക്ലൂസീവ് കായിക മേള: ഒക്ടോബര് 15-ന് മേപ്പയൂരില് തുടക്കമാകും; വിളംബര ജാഥ നടത്തി

മേപ്പയൂര്: പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും (SSK) സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ ഇന്ക്ലൂസീവ് കായിക മേളയ്ക്കുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി സ്വാഗതസംഘം അറിയിച്ചു. മേളയുടെ മുന്നോടിയായി വിപുലമായ ജനപങ്കാളിത്തത്തോടെ മേപ്പയൂരില് വര്ണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു.
മേപ്പയൂര് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുനിലാണ് വിളംബര ജാഥ ഫ്ളാഗ് ഓഫ് ചെയ്തത്.
ഒക്ടോബര് 15-ന് ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര് സ്പോര്ട്സ് ഫെസിലിറ്റേഷന് സെന്ററിലെ സിന്തറ്റിക് ട്രാക്കിലാണ് കായിക മേള അരങ്ങേറുന്നത്. ഭിന്നശേഷി കുട്ടികള് ഉള്പ്പെടെയുള്ള കായിക പ്രതിഭകളുടെ കഴിവുകള് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കുന്ന ഈ മേളയില് ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നായി അഞ്ഞൂറോളം (500) വിദ്യാര്ത്ഥികള് മാറ്റുരയ്ക്കും.












