തെയ്യം സമുദായത്തെ അവഹേളിച്ചാൽ കോടതിയെ സമീപിക്കും: വേലൻ സമുദായ സംഘടന

കൊയിലാണ്ടി: തെയ്യം സമുദായത്തെ തുടർന്നും അവഹേളിക്കുന്ന തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്ന് വേലൻ സമുദായ സംഘടന ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ഗണേശോത്സവത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ പൂനെയിൽ കണ്ഠാകർണ്ണൻ തെയ്യം തെരുവിൽ കെട്ടിയാടിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊയിലാണ്ടി സ്വദേശി നിധീഷ് പെരുവണ്ണാൻ വേലൻ സമുദായ സംഘടനയിലെ നാലുപേർക്കെതിരെ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘടനാ ഭാരവാഹികൾ കൊയിലാണ്ടി പോലീസിനെ സമീപിച്ചു. വിഷയം സാമുദായികവും വിശ്വാസപരവുമായ തർക്കമായതിനാൽ കേസെടുക്കുന്നതിൽ പ്രയാസമുണ്ടെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാമെന്നും പോലീസ് അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
സാമുദായിക ആചാരാനുഷ്ഠാനങ്ങൾ പാലിക്കാതെ തെയ്യം തെരുവിൽ കെട്ടിയാടിയത് ചോദ്യം ചെയ്തവർക്കെതിരെ പരാതി നൽകിയ സംഭവം അപലപനീയമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കുലത്തൊഴിലിനെ അവഹേളിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. താൽക്കാലിക സാമ്പത്തിക നേട്ടത്തിനായി സാമുദായിക താൽപര്യങ്ങൾ പണയം വെക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
വേലൻ സമുദായ സംഘടനാ സെക്രട്ടറി ജിഷിത്ത് മുന്നൂറ്റാൻ അണ്ടല്ലൂർ, ദിലീപ് അഞ്ഞൂറ്റാൻ, മനോജ് മുന്നൂറ്റാൻ അണ്ടല്ലൂർ, അനൂപ് മുന്നൂറ്റാൻ കാഞ്ഞിലേരി, ഷൈജു മുന്നൂറ്റാൻ വെള്ളികുളങ്ങര ഒഞ്ചിയം, അഗിൽ മേലൂർ എന്നിവർ കൊയിലാണ്ടിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.












