ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയില്‍ ഇടത് സംഘടനകളുടെ പ്രതിഷേധം; കോലം കത്തിച്ചു

കൊയിലാണ്ടി: രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് ചീഫ് ഇലക്ഷന് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് CITU, AIKS, KSKTU എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ ശക്തമായ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാരായ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നടപടിക്കെതിരെയാണ് രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പ്രാദേശിക തലത്തിലും പ്രക്ഷോഭം ആളിക്കത്തിയത്.
കൊയിലാണ്ടി ടൗണ്‍ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിന് ഒടുവില്‍ പ്രവര്‍ത്തകര്‍ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് ജനരോഷം പ്രകടമാക്കി. സമരത്തിന് സി. ഐ. ടി. യു നേതാവ് ടി. കെ. ചന്ദ്രന്, എ. ഐ. കെ. എസ് സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു, സി. ഐ. ടി. യു ഏരിയ സെക്രട്ടറി സി. അശ്വിനി ദേവ്, എം. എ. ഷാജി എന്നിവര്‍ നേതൃത്വം നല്കി. വോട്ടര്‍മാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.












