ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്: തിരുവങ്ങൂരിലെ അശാസ്ത്രീയ വഴിതിരിച്ചുവിടല്‍ യാത്രക്കാരെ വലച്ചു

കൊയിലാണ്ടി: ദേശീയപാത 66-ൽ ചെങ്ങോട്ടുകാവിനും വെങ്ങളത്തിനും ഇടയിൽ തിരുവങ്ങൂർ ഭാഗത്ത് ഇന്ന് വൈകുന്നേരത്തോടെ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മുൻകൂട്ടി കൃത്യമായ മുന്നറിയിപ്പുകളോ സുരക്ഷാ ക്രമീകരണങ്ങളോ നൽകാതെ, ദേശീയപാത നിർമ്മാണ കമ്പനി പ്രധാന പാതയിലെ വാഹനങ്ങൾ പൂർണ്ണമായി സർവീസ് റോഡിലേക്ക് തിരിച്ചുവിട്ടതാണ് കിലോമീറ്ററുകളോളം നീണ്ട ബ്ലോക്കിന് കാരണമായത്.
റോഡ് പ്രവൃത്തികളുടെ ഭാഗമായാണ് പെട്ടെന്ന് വഴിതിരിച്ചുവിടൽ നടത്തിയത്. ഓഫീസ് സമയം കഴിഞ്ഞ് കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും മടങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് മണിക്കൂറുകളായി റോഡിൽ കുടുങ്ങിക്കിടക്കുന്നത്.
അടിയന്തര ചികിത്സാ സഹായവുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കുരുക്കിൽ പെട്ടിട്ടുണ്ട്. സൈറൺ മുഴക്കി നീങ്ങാൻ ശ്രമിക്കുന്ന ആംബുലൻസുകൾക്ക് പോലും വഴിമാറിക്കൊടുക്കാൻ സാധിക്കാത്ത വിധം സർവീസ് റോഡും സമീപത്തെ പോക്കറ്റ് റോഡുകളും വാഹനങ്ങളാൽ നിറഞ്ഞുകവിഞ്ഞു. പ്രധാന റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ ചെറിയ വാഹനങ്ങൾ ഒരേസമയം ഇടവഴികളിലേക്ക് തിരിഞ്ഞതോടെയാണ് പ്രദേശത്തെ പോക്കറ്റ് റോഡുകളും സ്തംഭിച്ചത്.












