സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ചേലിയയിലെ വാട്ടർ വില്ലേജ് ഫാം ടൂറിസം പദ്ധതിക്ക് ഔദ്യോഗിക തുടക്കം

കൊയിലാണ്ടി: സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം വൻ ജനപ്രീതി നേടിയ കൊയിലാണ്ടിക്ക് സമീപം ചേലിയയിലെ വാട്ടർ വില്ലേജ് ഫാം ടൂറിസം പദ്ധതിക്ക് ഔദ്യോഗിക തുടക്കം. വാട്ടർ വില്ലേജിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാട്ടർ വില്ലേജ് അടക്കം കേന്ദ്രങ്ങൾ ഉൾപ്പെടുത്തി പ്രാദേശിക ടൂറിസം ഹബ് വികസിപ്പിക്കുമെന്ന് പ്രവീൺകുമാർ പറഞ്ഞു.

ടൂറിസം മേഖലയിൽ സ്വകാര്യ പങ്കാളിത്തം നിർണായകമായതിനാൽ സംസ്ഥാന സർക്കാർ പ്രോത്സാഹനം നൽകും. പദ്ധതികൾക്ക് ചുവപ്പു നാടകളുടെ തടസം ഒഴിവാക്കും. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ വാട്ടർ വില്ലേജിൽ സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി.

ചേലിയ വാട്ടർ വില്ലേജ് മാനേജിംഗ് ഡയറക്‌ടർ ഹാഷിം ചെറേക്കാട് ഭാവി വികസന പദ്ധതികളുടെ സമർപ്പണം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് ബ്ളോക്ക് പഞ്ചായത്ത് അംഗം ദേവി, മുൻ ഗ്രാമപഞ്ചായത്ത് അംഗം ഷുക്കൂർ, ഇലാഹിയ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ബഷീർ, കാഫ് പ്രസിഡന്റ് ജീവൻ, പി.പി. ഉണ്ണികൃഷ്‌ണൻ, ഹമീദ് ചെന്നമംഗലൂർ എന്നിവർ സംസാരിച്ചു. ഡോ. അൻസാർ സി.പി സ്വാഗതവും ഷമീം നന്ദിയും പറഞ്ഞു.

ചേലിയ ഇലാഹിയ കോളേജിന് സമീപം കോരപ്പുഴയുടെ തീരത്ത് 16 ഏക്കറിലാണ് വാട്ടർ വില്ലേജ് സ്ഥിതി ചെയ്യുന്നത്. പുഴയും സ്വാഭാവിക കണ്ടൽക്കാടും ചേർന്ന പ്രകൃതിരമണീയമായ സ്ഥലത്തിന്റെ വൈവിധ്യമറിഞ്ഞ് ഇപ്പോൾ തന്നെ നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്നു. കണ്ടൽക്കാടിനെയും പുഴയെയും വേർതിരിക്കുന്ന മൺത്തിട്ടയിൽ തീർത്ത ചായക്കട സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

നദീതീരത്ത് 100 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന പരിസ്ഥിതി സൗഹാർദ്ദ ഹാളിൽ വേറെയും ഭക്ഷണ ശാലയുണ്ട്. കണ്ടൽക്കാടിന്റെ ഭംഗി ആസ്വദിക്കാനും സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനും കയാക്കിംഗ് ബോട്ടുകളും ലഭ്യമാണ്. രാത്രി തങ്ങാനുള്ള സൗകര്യങ്ങളും വൈകാതെ ഒരുക്കും. ഇന്റഗ്രേറ്റഡ് ഫാം ടൂറിസം പദ്ധതിയായതിനാൽ ജൈവ പച്ചക്കറി കൃഷി, കോഴി, ആട്, മീൻ വളർത്തൽ സംരംഭങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!