സ്ഥാപനങ്ങളില്‍ ഉറവിട നശീകരണ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന ഉറവിടം തേടി ക്യാമ്പയിനോടനുബന്ധിച്ച് സ്ഥാപനങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. സ്ഥാപനതല ഉവിട നശീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം നിര്‍വ്വഹിച്ചു. മഴക്കാലം മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതു ജനങ്ങള്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സ്വന്തം വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉറവിട നശീകരണ യജ്ഞത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിലും ചുറ്റുപാടും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചു. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി ഇല്ലാതാകുകയും ഉദ്യോഗസ്ഥര്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ജില്ല ഒന്നാകെ സംഘടിപ്പിച്ച സ്ഥാപന തല ഉറവിടം നശീകരണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ സ്ഥാപനത്തിന്റെ പരിധിയില്‍ പെടുന്ന സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുകയും ചെയ്തിരുന്നു.

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ഉറവിടം തേടി’ എന്ന പേരില്‍ ഏപ്രില്‍ 22 മുതല്‍ ഊര്‍ജ്ജിത ഉറവിട നശീകരണ ക്യാമ്പയിന്‍ ജില്ലയില്‍ നടന്ന് വരികയാണ്. ആരോഗ്യസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!