18-ാമത് സിൽവർ ഹിൽ ട്രോഫി: ആതിഥേയർക്ക് ഇരട്ട കിരീടം

കോഴിക്കോട്: സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോർട്ടിൽ നടന്ന 18-ാമത് സിൽവർ ഹിൽ ട്രോഫി ദക്ഷിണേന്ത്യൻ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസ് ആൺകുട്ടികളുടെ U19, U13 വിഭാഗങ്ങളിലും പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് U19 പെൺകുട്ടികളുടെ വിഭാഗത്തിലും ജേതാക്കളായി.
U19 ആൺകുട്ടികളുടെ ഫൈനലിൽ സിൽവർ ഹിൽസ് 56-40ന് എ.കെ.എം പബ്ലിക് സ്കൂൾ, ചങ്ങനാശ്ശേരിയെ തോൽപ്പിച്ചു. U13 ഫൈനലിൽ ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിനെ 62-35നും സിൽവർ ഹിൽസ് പരാജയപ്പെടുത്തി. U19 പെൺകുട്ടികളുടെ ഫൈനലിൽ പ്രൊവിഡൻസ് 49-34ന് എസ്.വി.ജി.വി മെട്രിക്കുലേഷൻ സ്കൂൾ, കാരമടയെ കീഴടക്കി.
U19 ആൺകുട്ടികളിൽ സിൽവർ ഹിൽസിന്റെ വിശാൽ പി.കെ, പെൺകുട്ടികളിൽ പ്രൊവിഡൻസിന്റെ അക്ഷര കെ, U13ൽ സിൽവർ ഹിൽസിന്റെ ആയുഷ് എസ് എന്നിവർ മികച്ച താരങ്ങളായി. സമാപന ചടങ്ങിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ എ.സി.പി പ്രമോദ് പി. മുഖ്യപ്രഭാഷണം നടത്തി.












