ഗ്രാമീണ തലങ്ങളിൽ നിർമ്മിക്കപ്പെടുന്നത് ഏറ്റവും മികച്ച റോഡുകൾ: മന്ത്രി എ കെ ശശീന്ദ്രൻ

നവകേരള സദസ്സിലൂടെ പഞ്ചായത്തിൽ നിർമ്മിക്കുന്നത് 75 ലക്ഷം രൂപയുടെ റോഡുകൾ

ഏതാനും വർഷങ്ങളായി ഗ്രാമീണ തലങ്ങളിൽ ഏറ്റവും മികച്ച റോഡുകളാണ് നിർമ്മിക്കപ്പെടുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നന്മണ്ട ഗ്രാമപഞ്ചായത്തിലെ
അരയനപ്പൊയിൽ – കുയ്യാണ്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവകേരള സദസ്സ് മുഖേന 75 ലക്ഷം രൂപയുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നന്മണ്ട ഗ്രാമപഞ്ചായത്തിൽ നടക്കുക. ഗ്രാമപഞ്ചായത്തിൽ 21 റോഡുകളുടെ നിർമ്മാണത്തിനുള്ള അനുമതി ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എടവനത്ത് താഴം- പണിക്കര് കണ്ടിത്താഴം റോഡിന് 20 ലക്ഷവും പറമ്പിൽച്ചേരിമുക്ക്- വടക്കയിൽ റോഡിന് 30 ലക്ഷവും ആയഞ്ചുവട് കൊത്തുകല്ലുള്ളതിൽ ഉരുളത്ത്പുറായിൽ റോഡിനു 25 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നാലാം വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് റോഡ് ഉദ്ഘാടനം ചെയ്തത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പുതുക്കുടി ബാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് സി കെ രാജൻ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രതിഭ രവീന്ദ്രൻ, കുണ്ടൂർ ബിജു, വിജിത കണ്ടിക്കുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹരിദാസൻ ഈച്ചരോത്ത്, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!