ഇന്ന് ദേശീയ വിരവിമുക്ത ദിനാചരണം ; ജില്ലയിലെ ഒന്നു മുതല്‍ 19 വയസ്സു വരെയുള്ളവര്‍ക്ക് വിരനശീകരണ ഗുളികകള്‍ നല്‍കും

ഇന്ന് (നവംബർ 26) ദേശീയ വിരവിമുക്ത ദിനമായി ആചരിക്കും. ഒന്ന് മുതൽ 19 വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും വീരനശീകരണത്തിനുള്ള വിരഗുളിക (ആൽബന്റസോൾ ) നൽകും.  സ്‌കൂളുകൾ, അംഗൻവാടികൾ എന്നിവ വഴിയാണ് ഗുളിക നൽകുന്നത്. അന്നേ ദിവസം അധ്യാപകരുടെ സാനിധ്യത്തിൽ കുട്ടികൾ വിരഗുളിക കഴിക്കണം.

എന്ത് കൊണ്ട് വിരഗുളിക കഴിക്കണം

* കുട്ടികളിൽ കാണപ്പെടുന്ന വിളർച്ചക്ക് പ്രധാന കാരണം വിരയാണ്.
* വിര കുട്ടികളിൽ പോഷണക്കുറവ്, ക്ഷീണം, എന്നിവ ഉണ്ടാക്കുന്നു.
* ഇവ കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും പഠിത്തത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കുറക്കുന്നു.
* കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും ഉത്സാഹത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ വിര ഗുളിക നിർബന്ധമായും കഴിക്കണം.

സാധാരണയായി കുടലിലാണ് വിരകൾ കാണപ്പെടുന്നത്. ഉരുളൻ വിര(Round Worm), കൊക്ക പുഴു (Hook Worm), ചാട്ട വിര (Vip Worm), കൃമി (Pin Worm), നാട വിര (Tape Worm) എന്നിവയാണ് സാധാരണയായി വയറിൽ കാണുന്ന വിരകൾ. ഇവ കുട്ടികളുടെ ശരീരത്തിൽ ലഭിക്കേണ്ടുന്ന പോഷണം  വലിച്ചെടുക്കുന്നു. ഇത് മൂലം കുട്ടികൾക്ക് പോഷണ വൈകല്യം, ക്ഷീണം എന്നിവ ഉണ്ടാകുന്നു. വിളർച്ചക്ക് കാരണമാകുന്നു. പഠനത്തെയും ഉത്സാഹത്തെയും ബാധിക്കുന്നു.

ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകൾ, ജനപ്രതിനിധികൾ, സന്നദ്ധസംഘടനകൾ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യ വകുപ്പ് വിരവിമുക്ത ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

ഒന്നു മുതല്‍ മുതൽ രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് അര ഗുളിക തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ചു കൊടുക്കണം. രണ്ടു മുതൽ 19 വരെ പ്രായമുള്ള കുട്ടികൾ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം  ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം. കുട്ടികൾ ആൽബൻഡസോൾ ഗുളികകൾ സ്ഥാപനത്തിൽ നിന്ന് തന്നെ കഴിക്കേണ്ടതാണ്. ഗുളിക കഴിച്ചെന്നു അധ്യപകരും അങ്കണവാടി വർക്കറും ഉറപ്പു വരുത്തണം. ഇന്ന്  ഗുളിക കഴിക്കാൻ സാധിക്കാത്തവർ ഡിസംബർ മൂന്നിന്   ഗുളിക നിർബന്ധമായും കഴിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മണ്ണിൽ കൂടി പകരുന്ന വിരകൾ രാജ്യത്ത് ഇന്നും ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി നിലനിൽക്കുന്നതിനാലാണ് വിരവിമുക്തി ദിനാചരണം സംഘടിപ്പിക്കുന്നത്. 65 ശതമാനം കുട്ടികൾക്കും വിരബാധയുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിളർച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛർദ്ദിയും വയറിളക്കവും, മലത്തിൽകൂടി രക്തം പോകൽ എന്നിവയാണ് വിരബാധമൂലം കുട്ടികളിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ. കുട്ടികളുടെ ശരീരത്തിൽ വിരകളുടെ തോത് വർധിക്കും തോറും ശാരീരിക മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. സ്‌കൂളിൽ പോകാനാകാതെ പഠനം തടസ്സപ്പെടുന്ന അവസ്ഥയും ഇതു മൂലം ഉണ്ടാകുന്നു.

മണ്ണിൽ കൂടി പകരുന്ന വിരകൾ മനുഷ്യന്റെ ആമാശയത്തിൽ ജീവിച്ചു മനുഷ്യനാവശ്യമുള്ള പോഷകങ്ങളെല്ലാം ആഗിരണം ചെയ്‌തു  വളരുകയും പൊതുസ്ഥലത്തു മല വിസർജ്ജനം നടത്തുന്നതുവഴി ഇതിന്റെ മുട്ടകൾ മണ്ണിലും ജലത്തിലും കലരാൻ ഇടവരികയും ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും വേണ്ടവിധം വൃത്തിയാക്കാതെ ഉപയോഗിച്ചാലും സുരക്ഷിതമല്ലാത്ത വെള്ളത്തിലൂടെയും കൈകൾ ശുചിയാക്കാതെ ഭക്ഷണം കഴിക്കുമ്പോഴും രോഗപ്പകർച്ച ഉണ്ടാകാം. കുട്ടികൾക്ക് ആറുമാസത്തിലൊരിക്കൽ വിരയിളക്കൽ നടത്തിയാൽ വിരബാധ ഇല്ലാതാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും കഴിയും. വർഷത്തിൽ രണ്ടുപ്രാവശ്യം വിരയിളക്കൽ നടത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!