‘സ്മാര്‍ട് കൊയിലാണ്ടി’ പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: മാലിന്യ സംസ്കരണവും നഗര സൗന്ദര്യവത്ക്കരണവും ലക്ഷ്യമിട്ട് കൊയിലാണ്ടി നഗരസഭ നടപ്പിലാക്കുന്ന ‘സ്മാര്‍ട് കൊയിലാണ്ടി’ പദ്ധതിയ്ക്ക് നവംബര്‍ 12-ന് തുടക്കമായി. നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ദിവ്യ എസ് അയ്യര്‍ ഐഎഎസ് ഓണ്‍ലൈനായി പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ യു.കെ ചന്ദ്രന് അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഐഎഎസ് ശുചിത്വ സപ്ലിമെന്റും, ഗായകന് ഷാഫി കൊല്ലം തീം സോങ്ങും പ്രകാശനം ചെയ്തു. മൂന്ന് വര്‍ഷത്തിനകം നഗരസഭയിലെ മുഴുവന്‍ വീടുകളിലും മാലിന്യ സംസ്കരണ സൗകര്യമൊരുക്കി നഗരസഭയെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ദേശീയപാത മുതല്‍ റെയില്‍വേ സ്റ്റേഷന് വരെയുള്ള റോഡ് ആദ്യം ഹരിതപാതയാക്കും. തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ 46 റോഡുകള്‍ കൂടി ചെടികളും പൂക്കളും വെച്ചുപിടിപ്പിച്ച് നവീകരിക്കും.
നഗരത്തിലെ കംഫര്‍ട്ട് സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘സ്മാര്‍ട് കോര്‍ണറുകള്‍’ രൂപീകരിക്കാനും പദ്ധതിയുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭാതലത്തിലും എല്ലാ വാര്‍ഡുകളിലും പ്രത്യേക സമിതികള്‍ രൂപീകരിച്ചു.
നഗരസഭാ സെക്രട്ടറി പാര്‍വതി ചന്ദ്ര ഐഎഎസ് പദ്ധതി വിശദീകരിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ ഹരീഷ്, ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ പ്രമോദ് കെ.എ.എസ്, മുന്‍ എം.എല്‍.എ കെ. ദാസന്, നഗരസഭാ ഉപാധ്യക്ഷ സി. ടി ബിന്ദു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. പി സുധീഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എ. സുധാകരന്, രമ്യ പണ്ടാരക്കണ്ടി, ദൃശ്യ എം, കെ. എം. നജീബ്, ക്ലീന്‍ സിറ്റി മാനേജര്‍ പി. എ. വിനോദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കേരളത്തിലെ വിവിധ മാലിന്യ പരിപാലന മാതൃകകളുടെ അവതരണവും നടന്നു.












