എയ്ഡ്സ് സുരക്ഷ പദ്ധതി: ജില്ലാതല ആക്ഷൻ പ്ലാൻ തയ്യാറാക്കി

കോഴിക്കോട്: മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ ജില്ലാതല ആക്ഷൻ പ്ലാൻ തയ്യാറാക്കി. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും നേതൃത്വത്തിൽ മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ ചേർന്ന യോഗത്തിലാണ് ആക്ഷൻ പ്ലാൻ അവതരിപ്പിച്ചത്.
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് യോഗം ഉദ്ഘാടനം ചെയ്തു. എം ആൻഡ് ഇ ഓഫീസർ രാഗി രവിയും ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ പ്രിൻസ് എം. ജോർജും ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ പരിപാടിയിലെ ജീവനക്കാരും പങ്കെടുത്തു.
എച്ച്.ഐ.വി. അണുബാധിതരെ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കുകയും വൈറസിന്റെ അളവ് കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ എയ്ഡ്സ് ബാധിതരിൽ 88 ശതമാനം പേരെ രക്തപരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന 12 ശതമാനം പേരെയും കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.












