കേരളാ പോലീസിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കും: രമേശ് ചെന്നിത്തല

കോഴിക്കോട്: കേരളാ പോലീസിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി ഉടൻ റിക്രൂട്ട്മെന്റ് നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൂടുതൽ വനിതാ എസ്.എച്ച്.ഒമാരെ നിയമിക്കുമെന്നും ജനമൈത്രി പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
സീനിയർ ജേണലിസ്റ്റ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലപ്പുറം പി. മൂസ സ്മാരക അവാർഡ് സാമൂഹിക പ്രവർത്തക കെ. അജിതയ്ക്ക് സമ്മാനിക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
സ്ത്രീ സംഘടനകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതല യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കേരളത്തിലെ 63 പോലീസ് സ്റ്റേഷനുകളിൽ വനിതകൾ എസ്.എച്ച്.ഒമാരായി ചുമതല വഹിക്കുന്നുണ്ടെന്നും അവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പോലീസ് സ്റ്റേഷനുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. പഴയ വാഹനങ്ങളും ഉപയോഗശൂന്യമായ സാധനങ്ങളും നീക്കം ചെയ്ത് സ്റ്റേഷനുകൾ കൂടുതൽ സൗകര്യപ്രദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അവാർഡ് ഏറ്റുവാങ്ങിയ ശേഷം കെ. അജിത ഉന്നയിച്ച ആവശ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി മൂന്ന് പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. അളകാപുരി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.












