കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10 മുതൽ 13 വരെ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10 മുതൽ 13 വരെ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 6000ത്തിലധികം വിദ്യാർത്ഥികൾ 12 വേദികളിൽ മാറ്റുരയ്ക്കും.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘത്തിന്റെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിവരികയാണ്. അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
നവംബർ 11ന് രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.എൻ. ഭാസ്കരൻ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ പി.ജി. ചിത്രേഷ് സ്വാഗതം പറയും. കൊയിലാണ്ടി എ.ഇ.ഒ എം.കെ. മഞ്ജു കലോത്സവത്തിന്റെ വിശദീകരണം നടത്തും.
നവംബർ 13ന് വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ വി.ടി. സൂരജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.എൻ. ഭാസ്കരൻ, ജനറൽ കൺവീനർ പി.ജി. ചിത്രേഷ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശശികുമാർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി.പി. ആലി, ജോയിന്റ് കൺവീനർ ഷർഷാദ് കെ.പി., എച്ച്.എം. ഫോറം കൺവീനർ പ്രജീഷ് എൻ.ഡി., ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ ഡി.കെ. ബിജു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷോമ ഷീനാലയം എന്നിവർ പങ്കെടുത്തു.












