‘ഓപ്പറേഷൻ തൂഫാൻ’ ലഹരിക്കെതിരായ ജനകീയ യജ്ഞമായി മാറി: മന്ത്രി രമേശ് ചെന്നിത്തല

ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി; ‘തൂഫാൻ കെയർ’ സംരക്ഷണവലയം വിപുലമാക്കും
വടകര: ലഹരി മാഫിയക്കെതിരെ കേരള ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സംഘടിപ്പിച്ച സീനിയർ സിറ്റിസൺസ് മീറ്റിംഗും തൂഫാൻ കെയർ ഡിക്ലറേഷൻ പരിപാടിയും വടകര മുനിസിപ്പൽ ടൗൺഹാളിൽ സംസ്ഥാന ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ലഹരി മാഫിയയെ തുടച്ചുനീക്കി സമൂഹത്തെ ലഹരിമുക്തമാക്കുന്നതിനൊപ്പം കുട്ടികൾക്കും വയോജനങ്ങൾക്കും കൂടുതൽ സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളെ തൂഫാൻ സംരക്ഷണവലയത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.കെ രമ എം.എൽ എ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ 100 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ, ലഹരിമാഫിയക്കെതിരെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ വലിയ വിജയവും ജനകീയ മുന്നേറ്റവുമായി മാറിയെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സാക്ഷരതാ യജ്ഞത്തിന് സമാനമായ വലിയ ജനപങ്കാളിത്തമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്. പ്രത്യേക ക്ഷണമോ അറിയിപ്പോ കൂടാതെ തന്നെ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങൾ സ്വമേധയാ പങ്കാളികളാകുന്നു. സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നുകളുടെ കടന്നുകയറ്റം തടയാൻ സർക്കാരും പോലീസും നടപടികൾ കൂടുതൽ കർശനമാക്കിയെന്നും ചെറിയ അളവുകളിൽ തുടങ്ങി വലിയ വാണിജ്യ ശേഖരങ്ങളിലേക്ക് വളരുന്ന ലഹരി ശൃംഖലകൾക്കെതിരെ ശക്തമായ പ്രതിരോധമാണ് തീർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ ലഹരി മാഫിയയെ ജനങ്ങൾ ഭയപ്പെട്ടിരുന്ന സ്ഥാനത്ത്, ഇന്ന് ജനങ്ങളെ ലഹരി മാഫിയ ഭയക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഒറ്റ ഫോൺ കോളിലൂടെ മാഫിയയുടെ കയ്യിൽ വിലങ്ങ് വീഴുന്ന സാഹചര്യം സൃഷ്ടിക്കാൻ ജനങ്ങളുടെ ധൈര്യത്തിനും പോലീസുമായുള്ള സഹകരണത്തിനും സാധിച്ചു. പദ്ധതി ആരംഭിച്ചത് മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ 10,578 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 9,000-ത്തിലധികം കേസുകളിലായി 170 കോടി രൂപയുടെ മയക്കുമരുന്നുകൾ കേരള പോലീസ് പിടിച്ചെടുത്തു. ഇതിൽ 21,362.73 ഗ്രാം എം.ഡി.എം.എ, 1,110.69 കിലോഗ്രാം കഞ്ചാവ്, 523.82 ഗ്രാം ഹെറോയിൻ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്ത് 97 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂരിൽ 10 കോടി രൂപ വിപണി മൂല്യമുള്ള 13 കിലോഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തത്.
എം.ഡി.എം.എ പോലെയുള്ള മാരകമായ സിന്തറ്റിക് മയക്കുമരുന്നുകൾ നാടിന്റെ സമാധാനവും മനുഷ്യന്റെ അടിസ്ഥാന അന്തസ്സും ബോധവും നശിപ്പിക്കുകയാണ് ചെയ്യുന്നത്. കുട്ടികളെ ആദ്യം ലക്ഷ്യമിട്ട് ലഹരി കലർത്തിയ മിഠായികളും മറ്റും സൗജന്യമായി നൽകി അടിമകളാക്കുകയാണ് അന്താരാഷ്ട്ര ഡ്രഗ് മാഫിയ ചെയ്യുന്നത്. അടിമപ്പെട്ടതിന് ശേഷം ഇവരിൽ നിന്ന് പണം ഈടാക്കുകയും, പണം കണ്ടെത്താനായി റോഡിലൂടെ പോകുന്ന സ്ത്രീകളുടെ മാല പൊട്ടിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്ക് ഇരകളെ തള്ളിവിടുകയും ചെയ്യുന്നു. ഒടുവിൽ മയക്കുമരുന്ന് ലഭിക്കാനും കടം വീട്ടാനുമായി യുവാക്കളെ കാരിയർമാരാക്കി മാറ്റുകയാണ് ഇവരുടെ രീതി. അക്ഷരം പകർന്നു നൽകേണ്ട അധ്യാപകർ പോലും ഈ ശൃംഖലയിൽ വിൽപനക്കാരായി മാറിയെന്ന രഹസ്യാന്വേഷണ വിവരങ്ങൾ തികച്ചും ആശങ്കാജനകവും നാടിന് ഒന്നാകെ നാണക്കേടുമാണ്.
മാഹി പോലെയുള്ള അതിർത്തി പ്രദേശങ്ങളിലൂടെയുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനൊപ്പം ഇത്തരം ശൃംഖലകളെ പൂർണ്ണമായും പിഴുതെറിയാൻ പൊതുജനങ്ങൾ തുടർന്നും ജാഗ്രത പാലിക്കണമെന്നും പോലീസുമായി പൂർണ്ണമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വടകര എം.പി. ഷാഫി പറമ്പിൽ തൂഫാൻ വാരിയർ ഡിക്ലറേഷൻ നടത്തി. പത്മശ്രീ മീനാക്ഷി അമ്മ ഉൾപ്പെടെയുള്ള പ്രമുഖർ തൂഫാൻ ബാഡ്ജ് സ്വീകരിച്ചു. ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള, കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺ കുമാർ, ബാലുശ്ശേരി എം.എൽ.എ വി.ടി. സൂരജ്, നാദാപുരം എം.എൽ.എ കെ.എം അഭിജിത്ത്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വടകര നഗരസഭ ചെയർമാൻ പി.കെ. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കോട്ടയിൽ രാധാകൃഷണൻ, ഗോകുലം ഗോപാലൻ, പത്മശ്രീ മീനാക്ഷി അമ്മ, മലയത്ത് ചന്ദ്രൻ, കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കാർത്തിക് കെ., വാർഡ് കൗൺസിലർ ബിജുൽ കുമാർ ആയാടത്തിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. പോലീസ് ഉദ്യോഗസ്ഥർ, പോലീസ് പെൻഷനർമാർ, സർവീസ് പെൻഷനർമാർ, സീനിയർ സിറ്റിസൺസ്, റസിഡൻസ് അസോസിയേഷൻ, ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, വ്യാപാരി സംഘടനകൾ, തൂഫാൻ കെയർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളായി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ്. സ്വാഗതവും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ. പ്രദീപ് കുമാർ നന്ദിയും രേഖപ്പെടുത്തി.
പരിപാടിക്ക് മുന്നോടിയായി വടകര സാംസ്കാരിക ചത്വരത്തിൽ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ സന്ദേശ റാലി അഞ്ചുവിളക്ക് വഴി വടകര ടൗൺഹാളിൽ സമാപിച്ചു. വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ നടന്ന റാലി ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റത്തിന്റെ സന്ദേശമായി.
ലഹരിയുടെ വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനൊപ്പം കുട്ടികൾക്കും വയോജനങ്ങൾക്കും സുരക്ഷിതവും കരുതലോടെയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് സമൂഹത്തിന്റെ നാനാതലങ്ങളിലുള്ളവരെ ഒരുമിപ്പിക്കുന്ന ജനകീയ സംരക്ഷണവലയമാണ് ‘തൂഫാൻ കെയർ’ ലക്ഷ്യമിടുന്നത്.












