പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 18ന് കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കും. മേളയില്‍ പങ്കെടുക്കാന്‍ ജില്ലയിലെ സര്‍ക്കാര്‍, എസ്.സി.ഡി.ഡി, പ്രൈവറ്റ് ഐ.ടി.ഐകളില്‍നിന്ന് ഐ.ടി.ഐ പാസായ ട്രെയിനികളും തൊഴില്‍ സ്ഥാപനമേധാവികളും അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് പോര്‍ട്ടലില്‍ (apprenticeshipindia.gov.in) രജിസ്റ്റര്‍ ചെയ്യണം. മേളയോടനുബന്ധിച്ച് വിവിധ സെക്ടറുകളില്‍ അപ്രന്റീസ് പരിശീലനത്തിനും അവസരമുണ്ടാകും. ഫോണ്‍: 0495 2370289, 984694220, 7012911511.


അസി. മാനേജര്‍ നിയമനം

ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ കോഴിക്കോട്, ആലപ്പുഴ ജില്ലാ ഓഫീസുകളില്‍ കരാറില്‍ അസിസ്റ്റന്റ് മാനേജര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.cleankeralacompany.com ല്‍ ലഭിക്കും. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത/പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 24ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ നേരിട്ടോ കൊറിയര്‍/തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അതത് ജില്ലക്കാര്‍ക്ക് മുന്‍ഗണന. വിലാസം: മാനേജിങ് ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, TC29/1732, സെക്കന്റ് ഫ്‌ളോര്‍, സ്‌റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10.

ദ്വിദിന ശില്‍പശാല

പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ റിസോഴ്‌സ് അധ്യാപകര്‍ക്കും ഇ.എല്‍.ഇ.പി കോഓഡിനേറ്റര്‍മാര്‍ക്കുമായി ഓഗസ്റ്റ് 13, 14 തീയതികളില്‍ കോഴിക്കോട് ശിക്ഷക് സദനില്‍ റസിഡന്‍ഷ്യല്‍ ശില്‍പശാല സംഘടിപ്പിക്കും. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്വത്തില്‍ നടക്കുന്ന ശില്‍പശാല അഡ്വ. കെ. ജയന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് ധനസഹായം

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍, കൈപ്പണിക്കാര്‍, പൂര്‍ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തി ഉയര്‍ന്ന നിലവാരത്തിലുള്ള ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in മുഖേന ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ ആനുകൂല്യം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളോ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സൗജന്യ സര്‍വീസ് ക്യാമ്പ്

വെള്ളപ്പൊക്കത്തിലും മറ്റു പ്രകൃതിദുരന്തങ്ങളിലും കേടുപാടുകള്‍ സംഭവിച്ച ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സൗജന്യമായി റിപ്പയര്‍ ചെയ്തു നല്‍കുന്നതിനായി രണ്ടുദിവസത്തെ പ്രത്യേക സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, ഹരിതകേരളം മിഷന്‍, ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ്, ഇലക്ട്രോണിക്സ് റീട്ടെയില്‍ ശൃംഖലയായ ‘മൈ ജി’ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് 13, 14 തീയതികളില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് ക്യാമ്പ്.
വെള്ളം കയറിയതോ മണ്ണ് അടിഞ്ഞതോ ആയ, റിപ്പയര്‍ ചെയ്യാന്‍ സാധിക്കുന്ന ഗാര്‍ഹിക ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് സര്‍വീസ് ചെയ്യുക. സ്‌പെയര്‍ പാര്‍ട്സുകള്‍ക്കുള്ള തുക ഉടമ വഹിക്കണം. 8281697602 എന്ന നമ്പറില്‍ മുന്‍കുട്ടി രജിസ്റ്റര്‍ ചെയ്യണം.

ഓണക്കാല പാല്‍ പരിശോധന ക്യാമ്പ്

ഓണക്കാലത്ത് മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയാനും ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പ് വരുത്താനുമായി ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴിലെ പാല്‍ ഗുണനിയന്ത്രണ
വിഭാഗം പ്രത്യേക പാല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ഓഗസ്റ്റ് 20 മുതല്‍ 24 വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ സൗജന്യമായി പരിശോധിച്ചുനല്‍കും. പാല്‍ ഗുണനിലവാരത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം. പരിശോധനക്കായി കുറഞ്ഞത് 200 മില്ലി പാല്‍ സാമ്പിള്‍ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില്‍ പൊട്ടിക്കാതെ എത്തിക്കണം. ഫോണ്‍: 9020805221.

സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ബി.ടെക് (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സുകളിലെ ഒഴിവുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 14ന് നടക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11ന് മുമ്പ് കോളേജില്‍ എത്തണം. വെബ്‌സൈറ്റ്: www.geckkd.ac.in. ഫോണ്‍: 0495 2383210.

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഡിപ്ലോമ കോഴ്സുകളിലേക്ക് ഓഗസ്റ്റ് 13 മുതല്‍ 14 വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് www.polyadmission.org എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം രാവിലെ 9.30ന് നേരിട്ടെത്തണം. എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 04962524920, 8547005079, 9847979857.

മത്സ്യത്തൊഴിലാളികള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം

ഫിഷറീസ് വകുപ്പിന്റെ മത്സ്യത്തൊഴിലാളി ഭവന റിപ്പയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുക. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 31ന് മുമ്പ് ബേപ്പൂര്‍, കോഴിക്കോട് (വെള്ളയില്‍), കൊയിലാണ്ടി, വടകര മത്സ്യഭവന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
2025 ഓഗസ്റ്റില്‍ ഇതേ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അനുബന്ധ രേഖകള്‍ ഹാജരാക്കേണ്ടതില്ല. ഇവര്‍ അതത് മത്സ്യഭവനുകളില്‍ നേരിട്ടെത്തി മുന്‍വര്‍ഷം സമര്‍പ്പിച്ച അനുബന്ധ രേഖകളുടെ സാധുത പരിശോധിക്കണം. ഫോണ്‍: 0495 2383780.

അഭിഭാഷക ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയുള്ള അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും കേരള ബാര്‍ കൗണ്‍സിലില്‍ 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31നും ഇടയില്‍ എന്റോള്‍ ചെയ്ത് കേരളത്തിനുള്ളില്‍ പ്രക്ടീസ് ചെയ്യുന്നവരുമാകണം. www.bwin.kerala.gov.in മുഖേന ഓഗസ്റ്റ് 31ന് രാത്രി 12 വരെ അപേക്ഷിക്കാം.

ഉന്നത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷിക്കാം

രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ടവരുടെ മക്കള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി വിജയിച്ചിരിക്കണം. അപേക്ഷാ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും. ഓഗസ്റ്റ് 22 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0495 2383780.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!