മൂന്നാമത് ഇ കെ ജി പുരസ്‌കാരം കെ രാഘവന്‍ മാസ്റ്റര്‍ക്ക്: പുരസ്‌കാര വിതരണം 16 ഞായറാഴ്ച ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ കഴിഞ്ഞ 54 വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരുന്ന സൈമ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം സ്ഥാപകാംഗവും,കലാസാംസ്‌കാരിക – സാമൂഹ്യ സേവന രംഗങ്ങളിലെ സജീവപ്രവര്‍ത്തകനുമായിരുന്ന ഇ കെ ഗോവിന്ദന്‍ മാസ്റ്ററുടെ പേരിലുള്ള മൂന്നാമത് ഇ കെ ജി പുരസ്‌കാരത്തിന് കലാകാരനും അധ്യാപകനും പൂക്കാട് കലാലയത്തിന്റെ മുഖ്യ സാരഥിയുമായ യു കെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായതായി ജൂറി ചെയര്‍മാന്‍ കെ ടി രാധാകൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചു.

പൊയില്‍ക്കാവ് യു പി സ്‌കൂള്‍ റിട്ട. പ്രഥമാധ്യാപകനും മികച്ച സംഘാടകനുമായിരുന്ന ഇ കെ ഗോവിന്ദന്‍ മാസ്റ്ററുടെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഇ കെ ജി പുരസ്‌കാരം. പുരസ്‌കാര ജേതാവായ ശ്രീ. യു കെ രാഘവന്‍ മാസ്റ്റര്‍ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും രംഗ കലകളുടെയും മേഖലകളില്‍ ബഹുമുഖ പ്രതിഭ തെളിയിച്ച കലാകാരനും സംഘാടകനുമാണ്.

എടക്കുളം വിദ്യാതരംഗിണി സ്‌കൂളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം തലമുറകളുടെ അധ്യാപകനും വഴികാട്ടിയുമാണ്. കുട്ടികള്‍ക്കായി പാട്ടുകളും കവിതകളും രചിക്കുകയും മനോഹരമായി ആലപിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നിരവധി ലളിതഗാനങ്ങള്‍ സ്‌കൂള്‍ കലോത്സവേദികളിലും ആകാശവാണിയിലും ആലപിക്കപ്പെട്ടു. പൂക്കാട് കലാലയത്തിന്റെ നൃത്താവിഷ്‌കാരങ്ങള്‍ക്കും നാടകങ്ങള്‍ക്കുമായി തയ്യാറാക്കിയ ഒട്ടേറെ അവതരണഗാനങ്ങളും സ്വാഗത ഗീതങ്ങളും ഉണര്‍ത്തുപാട്ടുകളും അദ്ദേഹത്തിന്റെതായുണ്ട്. ചിത്രകാരനും കലാധ്യാപകനും ചമയം കലാകാരനുമായ യു കെ രാഘവന്‍ മാസ്റ്റര്‍ പൂക്കാട് കലാലയത്തിന്റെ ആരംഭകാലം മുതലുള്ള വിവിധ രംഗാവിഷ്‌കാരങ്ങള്‍ക്കും നാടകത്തിനും ചമയം, രംഗപടം, കര്‍ട്ടന്‍ എന്നിവ ഒരുക്കുന്നതില്‍ കരവിരുത് തെളിയിച്ചു. ചെങ്ങോട്ടുകാവ് സൈമ, എസ് എം എസ് സി , കൊയിലാണ്ടിയിലെ മറ്റ് കലാസമിതികള്‍ക്കും നാടക സംഘങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. നല്ല പ്രഭാഷകനും സംഘാടകനുമായ യു കെ രാഘവന്‍ മാസ്റ്റര്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പൂക്കാട്ടിലെ അഭയം സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലേ സഹകരിക്കുന്നു. അഭയത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി ചിത്ര പരിശീലനം നല്‍കുന്നുണ്ട്.

2010ല്‍ പൂക്കാട് കലാലയം അവതരിപ്പിച്ച ‘നെല്ല് ‘ നാടകത്തിലൂടെ മികച്ച ചമയത്തിനും വേഷവിധാനത്തിനുമുളകേരള സംഗീത നാടക അക്കാദമിപുരസ്‌കാരം ലഭിച്ചു. ചിത്രകലാരംഗത്തെ സേവനങ്ങള്‍ക്കുള്ള 2018 ലെ ‘കെ ജി ഹര്‍ഷന്‍ സ്മാരക അവാര്‍ഡ്’ ,2022 ല്‍ പെന്‍ഷനേഴ്‌സ് യൂണിയന്‍’നമിതം: പുരസ്‌കാരവും എന്നിവയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

2026 ആഗസ്റ്റ് 16ന് ഞായറാഴ്ച വൈകിട്ട് 4 ന്ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ബഹുമാനപ്പെട്ട കൊയിലാണ്ടി എംഎല്‍എ അഡ്വ. കെ പ്രവീണ്‍കുമാര്‍ യു കെ രാഘവന്‍ മാസ്റ്റര്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി തസ്ലീന നാസര്‍ അധ്യക്ഷത വഹിക്കും. ‘ജനാധിപത്യം പ്രതിസന്ധിയും പ്രതീക്ഷകളും’ എന്ന വിഷയത്തില്‍ ഈ വര്‍ഷത്തെ സ്മാരക പ്രഭാഷണം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗം പ്രൊഫസര്‍ എം സി അബ്ദുല്‍ നാസര്‍ നിര്‍വഹിക്കും. തുടര്‍ന്ന് മഞ്ഞണി പൂനിലാവില്‍ എന്ന പേരില്‍ എസ് ജാനകിയുടെ ഗാനങ്ങളുടെ ആലാപനം നടക്കും. പ ഇ. കെ. ബാലന്‍മാസ്റ്റര്‍, കെ,ടി. രാധകൃഷ്ണന്‍ മാസ്റ്റര്‍, രാഖേഷ് പുല്ലാട്ട്, ഭവാനി ടീച്ചര്‍, എ സുരേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!