ലഹരി കേസുകളിൽ പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തരുത്; എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം

ലഹരി കേസുകളിൽ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുകയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങളാണ് എക്‌സൈസ് കമ്മീഷണർ പുറത്തിറക്കിയത്.

പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ പകർത്തരുതെന്നും, അത്തരം ദൃശ്യങ്ങൾ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളിൽ പ്രസിദ്ധീകരിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സാക്ഷികളുടെ സ്വകാര്യതയും സംരക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പോലീസ്, എക്‌സൈസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ലഹരി വേട്ടകൾ ഉൾപ്പെടെയുള്ള വിവിധ നടപടികളുടെ ചിത്രങ്ങളും വീഡിയോകളും ഔദ്യോഗിക പേജുകളിൽ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

എക്‌സൈസ് ഉദ്യോഗസ്ഥർ അഡ്മിനായുള്ള സമൂഹമാധ്യമ പേജുകളിൽ സർക്കാരിനെയോ വകുപ്പിനെയോ വിമർശിക്കുന്ന പോസ്റ്റുകൾ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേസുകളുടെ അന്വേഷണത്തിനോ പ്രോസിക്യൂഷനോ പ്രതികൂലമായി ബാധിക്കാവുന്ന ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും നിർദേശമുണ്ട്.

സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനായി പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ നിയമപരമായ തെളിവായി ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക സമൂഹമാധ്യമ പോസ്റ്റുകൾ പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് എക്‌സൈസ് വകുപ്പിന്റെ ഈ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!