സംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധിരൂക്ഷം: നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു. പലതവണയായി കഴിഞ്ഞദിവസം ഒന്നരമണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ആവശ്യകതയിൽ 500മെഗാവാട്ടിന്റെ വർധനയാണുണ്ടായത്. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഹ്രസ്വകാല കരാറ് വഴി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഈ വൈദ്യുതി ഉടൻ ലഭിക്കില്ല.

മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വർധിച്ചതിനാലുമാണ് നിയന്ത്രണം വേണ്ടിവരുന്നത്. വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനാവാത്ത സാഹചര്യമാണെന്നും പ്രതിസന്ധി മറികടക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ വർഷം ജൂലൈയിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നു. എന്നാൽ ഈ വർഷം അത് 4600-4800 ആയി. ഡാമുകളിൽ 28 ശതമാനം വെള്ളം മാത്രമാണുള്ളതെന്നും മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കടം വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ടതുണ്ട്. ആര്യാടന്റെ കാലത്തുണ്ടാക്കിയ കരാർ റദാക്കിയതും തിരിച്ചടിയായി. വൈദ്യുതി ലഭ്യതയിൽ 600-700 മെഗാവാട്ട് കുറവ് വന്നിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങളും സഹകരിക്കണം. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലാക്കണം. അലങ്കാര വിളക്കുകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!