കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കുട്ടിയുടെ സ്വർണ്ണാഭരണം കവർന്ന അസം സ്വദേശിനി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ എസി വെയ്റ്റിംഗ് ഹാളില്‍ വെച്ച് കുട്ടിയുടെ സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ അസം സ്വദേശിനിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അസം ഡിബ്രുഗഡ് സ്വദേശിനി ബോബിത ദാസ് (24) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കോഴിക്കോട് റെയില്‍വേ സ്റ്റേഷന് നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ എ സി വെയ്റ്റിംഗ് ഹാളില്‍ വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ഒരു ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ ആഭരണമാണ് ഇവര്‍ കവര്‍ന്നത്. സംഭവത്തില്‍ കോഴിക്കോട് റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
റെയില്‍വേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളും പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. കോഴിക്കോട് കുന്നമംഗലം ഭാഗത്തുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, കോഴിക്കോട് ജിആര്‍പി ഡാന്‍സാഫ് ടീമും ആര് പി എഫ് സിഐബി ടീമും സംയുക്തമായി നടത്തിയ നീക്കത്തിലാണ് യുവതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു.
കോഴിക്കോട് ജി ആര് പി ഡാന്‍സാഫ് ടീമിലെ എസ്.ഐ പ്രദീപ് കുമാര്‍, എ. എസ്. ഐ. സുനീഷ്, എ. എസ്. ഐ വിമല, എസ്.സി.പി.ഒ ജോസ്, സി.പി.ഒ അഖിലേഷ്, റെയില്‍വേ ആര്‍പിഎഫ് സിഐബി ടീമിലെ എ.എസ്.ഐ രഞ്ജിത്ത് കെ.സി, ഹെഡ് കോണ്‍സ്റ്റബിള്‍ എം. ബൈജു, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീകാന്ത് വി.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കുന്നമംഗലത്തുനിന്ന് അറസ്റ്റ് ചെയ്തത്.












