ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ മർകസ് എന്നും മാതൃക: അഡ്വ. പ്രവീൺ കുമാർ എം.എൽ.എ

കൊയിലാണ്ടി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മർകസ് നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും, കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാനിൽ’ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാകണമെന്നും കൊയിലാണ്ടി എം.എൽ.എ അഡ്വ. പ്രവീൺ കുമാർ പ്രസ്താവിച്ചു. കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം നേടുമ്പോഴും ധാർമ്മിക മൂല്യങ്ങൾ കൈവിടരുതെന്നും, പാഠ്യപദ്ധതിക്ക് അപ്പുറമുള്ള വിശാലമായ അറിവുകൾ വിദ്യാർത്ഥികൾ സ്വായത്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ചടങ്ങിൽ മർകസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സി. റമീസ് അധ്യക്ഷത വഹിച്ചു. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.എ.ഒ വി.എം റഷീദ് സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ശരീഫ് മുഖ്യപ്രഭാഷണവും മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി അനുമോദന പ്രഭാഷണവും നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.കെ അബ്ദുൾ നാസർ, മോറൽ ഡിപ്പാർട്ട്മെന്റ് മേധാവി അബ്ദുൽ കരീം നിസാമി, അൻഷാദ് സഖാഫി എന്നിവർ സംസാരിച്ചു.










