കൊയിലാണ്ടി നഗരസഭയില്‍ ഷിഗല്ല രോഗബാധ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അടിയന്തര യോഗം ചേർന്നു. നഗരസഭാ പരിധിയിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ്, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചത്.
കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ നിലവിൽ നടപ്പിലാക്കി വരുന്ന പ്രതിരോധ പ്രവർത്തനങ്ങളും തുടർ നടപടികളും വിശദീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി ബോധവത്കരണ പ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളുടെ പരിശോധന, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വൈസ് ചെയർപേഴ്സൻ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. സുധീഷ് സ്വാഗതം പറഞ്ഞു. ആരോഗ്യ പ്രവർത്തകർ വിവിധ മേഖലകളിൽ ഇതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. നഗരസഭാ സൂപ്രണ്ട് മനോജ് നന്ദി രേഖപ്പെടുത്തി.
വാർഡ് സാനിറ്റേഷൻ കമ്മറ്റികളുടെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും ശുചിത്വ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. നഗരത്തിലെ ഭക്ഷണശാലകളിൽ ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധന ശക്തമാക്കും.
ഷിഗല്ല രോഗവ്യാപനം തടയുന്നതിന് പൊതുജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വവും പരിസര ശുചിത്വവും കർശനമായി പാലിക്കണമെന്നും യോഗം അഭ്യർഥിച്ചു.









