ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ താല്‍ക്കാലിക ഫോട്ടോഗ്രാഫറാകാന്‍ അവസരം ജൂൺ 20 വരെ അപേക്ഷിക്കാം

കോഴിക്കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരാകാന്‍ അവസരം. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉള്ള ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. വൈഫൈ ക്യാമറ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിലോ പത്രങ്ങളിലോ ഫോട്ടോഗ്രാഫറായി ജോലിചെയ്തവര്‍ക്കും മുന്‍ഗണന. ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ അച്ചടക്ക നടപടി നേരിടുകയോ ചെയ്തവര്‍ ആകരുത്. അസല്‍രേഖകളുടെ പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പേര്, വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടാഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. താമസപരിധിയിലെ സ്റ്റേഷന്‍ഹൗസ് ഓഫീസറില്‍നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റും കേസുകളോ മറ്റോ ഇല്ല എന്നതുസംബന്ധിച്ച രേഖയും അപേക്ഷക്കൊപ്പം ഹാജരാക്കണം. അപേക്ഷ ജൂണ്‍ 20ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, പിന്‍-673020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍വഴിയോ ലഭ്യമാക്കണം. ഫോണ്‍: 0495 237 0225.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിംഗര്‍: അപേക്ഷ ക്ഷണിച്ചു
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം.
പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, പിന്‍ -673020 വിലാസത്തില്‍ ജൂണ്‍ 20ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0495 237 0225.
മറ്റു നിബന്ധനകള്‍:
1. വിഷ്വല്‍സ് വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം.
2. പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായി ഉണ്ടായിരിക്കണം.
3. എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി കണക്കാക്കും.
4. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
5. പരിപാടി നടന്ന് അരമണിക്കൂറിനുള്ളില്‍ വാട്സാപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.
6. അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം.
7. സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം.
8. പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് തന്നെ വീഡിയോ അയക്കുന്നതിനുള്ള മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം.
9. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.









