മാലിന്യ മുക്തമായി മഴയെ വരവേൽക്കാനൊരുങ്ങി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

ചേമഞ്ചേരി: കാലവർഷം എത്തുന്നതിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധം, മാലിന്യ മുക്തം എന്നിവ ലക്ഷ്യമിട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സജീവമാകുന്നു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ മുന്നോടിയായി പഞ്ചായത്ത് തല ഉദ്ഘാടനം പൂക്കാട് അംങ്ങാടി ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്സ മനാഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി നിതിൻ എം, വൈസ് പ്രസിഡന്റ് സുബൈദ കബീർ, ശ്രീനിവാസൻ കെ, സരീഷ് സിഡിഎസ് ചെയർപേഴ്സൺ സുധ, മാടഞ്ചേരി സത്യനാഥൻ എന്നിവർ സംസാരിച്ചു.
ഹാരിസ് പറമ്പിൽ, പ്രഭീഷ് വിളയോറ്റിൽ, ശ്രീജ കണ്ടിയിൽ,പി പി ശ്രീജ, ബൽക്കീസ് മുസ്തഫ, ബിനേഷ് എൻ.വി, നളിനി സിസ്റ്റർ, നിർമല സി പി, തൽഹ ആരിഫ്, ഗീത കുറ്റിച്ചിക്കണ്ടിയിൽ, വന്ദന എന്നിവർ നേതൃത്വം നൽകി.
മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി പഞ്ചായത്തിലെ പ്രധാന തോടുകളിലെയും റോഡരികിലെ ഓടകളിലെയും മാലിന്യങ്ങളും മണ്ണും വരും ദിവസങ്ങളിൽ നീക്കം ചെയ്യുന്നതിന് തീരുമാനിച്ചു .കൊതുക് വളരാൻ സാധ്യതയുള്ള ചിരട്ടകൾ, ടയറുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനായി ‘ഡ്രൈ ഡേ’ ആചരണത്തിന് വാർഡുതല സമിതികൾ നേതൃത്വം നൽകും.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യ ശേഖരണം ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ കൂടുതൽ കാര്യക്ഷമമാക്കി.പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, പൊതു ജനങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ,കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന, സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ശേഖരിച്ച മാലിനങ്ങൾ തരംതിരിച്ച് MCf ലേക്ക് മാറ്റുകയും ചെയ്തു.









