ഗ്രീന്‍ കേഡറ്റ് കോര്‍പ്സ് ഉദ്ഘാടനം ചെയ്തു



വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുക, ജൈവവൈവിധ്യത്തെക്കുറിച്ചുള്ള അവബോധം വികസിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കൃഷി ഒരു സംസ്കാരമായി കേഡറ്റുകളില്‍ വളര്‍ത്തിയെടുക്കുക, വ്യക്തിശുചിത്വം സാമൂഹിക ശുചിത്വം എന്നിവ ശീലമാക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപീകരിച്ച ഗ്രീന്‍ കേഡറ്റ് കോര്‍പ്സ് (ജി സി സി ) ലോഞ്ചിങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. സി എം ബാബു, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ സി. മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
കേരളത്തിലെ ഹൈസ്കൂളുകളില്‍ ആദ്യമായി രൂപീകൃതമായ യൂണിഫോംമ്ഡ് പരിസ്ഥിതി കാഡറ്റ് ഗ്രൂപ്പാണ് ജി സി സി. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് എം എം ബാബു അധ്യക്ഷനായി. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ സക്കീര്‍ എം സ്വാഗതം പറഞ്ഞു. സുജില വി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. പി. രമ്യ, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി. പ്രശാന്ത്, എസ് എം സി ചെയര്‍മാന്‍ ഇ. കെ. ഗോപി, പി ടി എ വൈസ് പ്രസിഡണ്ട് എം എം അഷറഫ്, പ്രിന്‍സിപ്പല്‍ ഹെഡ് മാസ്റ്റര്‍ കെ. നിഷിദ്, വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ ആര്‍. അര്‍ച്ചന, ഹെഡ്‍മാസ്റ്റര്‍ സന്തോഷ് സാദരം,രജീഷ് കെ കെ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി. പ്രകാശന്‍ നന്ദി പറഞ്ഞു.
ഓരോ വ്യക്തിയിലും പാരിസ്ഥിതികാവബോധം ഉണ്ടാവുക എന്നത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ശാസ്ത്രീയമായ പരിണാമ, വികസന പ്രകൃയകളെ തകിടം മറച്ചുകൊണ്ട് മനുഷ്യന്റെ ലാഭേഛയും ആര്‍ത്തിയും പ്രകൃതിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. നമുക്കും വരാനിരിക്കുന്ന തലമുറയ്ക്കും വന്‍ ഭീഷണിയാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളേക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ഗവേഷണവും പരിഹാരമാര്‍ഗങ്ങളാരായലും ഇതിനെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ക്രോഡീകരിക്കാന്‍ ജി വി എച്ച് എസ് എസ് മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ ജി സി സി (Green Cadet Corps) എന്ന സന്നദ്ധ സംഘടന രൂപീകരിക്കുന്നത്. സ്കൂളിന്റെ ആറേക്രയോളം വരുന്ന ക്യാമ്പസും , ഇതിനകം തന്നെ നടപ്പിലാക്കി വരുന്ന മണ്ണ്-ജല–പരിസ്ഥിതി സംരംക്ഷണ പരിപാടികളും ജി സി സി യുടെ പ്രവര്‍ത്തനത്തെ സുഗമമാക്കും എന്ന് കരുതുന്നു. കേരളത്തിലെ ഹൈസ്കൂളുകളില്‍ ആദ്യത്തെ യൂണിഫോംമ്ഡ് പരിസ്ഥിതി കാഡറ്റ് ഗ്രൂപ്പ് എന്ന മികവും ജി സി സി യ്ക്ക് സ്വന്തം.
ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ജലലഭ്യത, ശുദ്ധവായുവിന്റെ ലഭ്യത തുടങ്ങിയവ ഉറപ്പുവരുത്തുവാനും കഴിയുന്ന വിധത്തില്‍ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന കാമ്പസിനെ സമ്പന്നമായ ഒരു ജൈവവൈവിധ്യ പാര്‍ക്കായി മാറ്റുന്ന ഇല പദ്ധതി സംഘടനയുടെ ഒരു മാതൃകാ പ്രവര്‍ത്തനമായി വികസിപ്പിക്കുന്നതാണ്. ഈ പദ്ധതി കാഡറ്റുകളിലൂടെ സ്കൂളില്‍ എത്തിച്ചേരുന്ന നാലായിരത്തോളം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അവരിലൂടെ നാട്ടുകാരിലും പാരിസ്ഥിതികാവബോധം സൃഷ്ടിക്കാനും അതുവഴി നാടിനു മൊത്തം ഉപകാരപ്പെടാനും സാധ്യതയുള്ളതാണ്.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍
കാഡററുകളില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുക, വ്യക്തിശുചിത്വം സാമൂഹിക ശുചിത്വം എന്നിവ ശീലമാക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുക, കാഡറ്റുകളില്‍ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള അവബോധം വികസിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കാഡറ്റുകളില്‍ അവബോധം സൃഷ്ടിക്കുക, കൃഷി ഒരു സംസ്കാരമായി കേഡറ്റുകളില്‍ വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പരിസ്ഥിതി ശില്പശാലകള്‍, ഫീല്‍ഡ് ട്രിപ്പുകള്‍, ക്ലാസുകള്‍, സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ ജി സി സി ഉദ്ദേശിക്കുന്നു. കാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതികളും ജി സി സി മുന്നോട്ട് വെക്കുന്നു.
ഓരോ വര്‍ഷവും എട്ടാം ക്ലാസില്‍ നിന്ന് പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ തല്‍പ്പരരായ 22 ആണ്‍കുട്ടികളേയും 22 പെണ്‍കുട്ടികളേയും തെരഞ്ഞെടുക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായി 132 കാഡറ്റുകള്‍ക്ക് സംഘടനയ്ക്ക് കീഴില്‍ പരിശീലനം ലഭിക്കുന്നു.
2023 ജൂണില്‍ രൂപീകൃതമായ സംഘടന ഇതിനകം തന്നെ എല്ലാ വ്യാഴാഴ്ചയും മീറ്റിംങുകള്‍ നടത്തുന്നുണ്ട്. ജൂലൈ 29 ശനിയാഴ്ച റിട്ടയേര്‍ഡ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസറും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ. ടി സുരേഷ് കാടക കൗതുകങ്ങള്‍ എന്ന വിഷയത്തില്‍ക്ലാസ് കൈകാര്യം ചെയ്തു.
സ്കൂളിന്റെ അറുപത്തിയാറാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ 66 ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു. പൂര്‍വ്വാധ്യാപകരും, വിദ്യാര്‍ത്ഥികളും, അധ്യാപകരും വൃക്ഷത്തൈകള്‍ സ്പോണ്‍സര്‍ ചെയ്തു.
ജൂണ്‍ 22 മുതല്‍ 28 വരെ തിരുവാതിര ഞാറ്റുുവേല ആഘോഷങ്ങളുടെ ഭാഗമായി പൂച്ചെടികള്‍ വച്ചുു പിടിപ്പിച്ച തിരിമുറിയാതെ തിരുവാതിര എന്ന പരിപാടിയും സംഘടിപ്പിച്ചു.
ജൂലൈ 15 ന് കുറ്റ്യാടി ചുരത്തില്‍ വെച്ചു നടന്നമഴയാത്രയില്‍33 ജി സി സി കേഡറ്റുകള്‍ പങ്കെടുത്തു. മഴയാത്ര കേഡറ്റുകളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവമായി മാറി.
സപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തില്‍ സ്കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ആശംസാ കാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
കേഡറ്റുകള്‍ക്കാവശ്യമായ യൂണിഫോം, ഗം ബൂട്ടുകള്‍, ഗ്ലൗസുകള്‍ , ക്യാപ്പുകള്‍ എന്നിവ കണ്ടെത്തുക, ക്ലീനിംങ്, കൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ സംഘടിപ്പിക്കുക, കാഡറ്റുകള്‍ക്കാവശ്യമായ ക്ലാസുകള്‍, ഫീല്‍ഡ് ട്രിപ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാനുള്ള സൗകര്യവും സാമ്പത്തിക സ്രോതസ്സും ഒരുക്കുക, തുടങ്ങിയവ ഇപ്പോള്‍ ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹായം ലഭ്യമാകുക എന്നത് അത്യന്താപേക്ഷിതമാണ്.








