Wednesday, March 18, 2026
Latest:

Primeedition

Real news on-time

നാല് തുറമുഖങ്ങള്‍ക്ക് ഐ എസ് പി എസ് അംഗീകാരം


ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം ബേപ്പൂര്‍ തുറമുഖ പരിസരത്ത് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.

കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ പശ്ചാത്തല വികസനം ഉറപ്പാക്കി വിദേശ കപ്പലുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്താന്‍ സാധ്യമാകും വിധം നവീകരിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമായിരുന്നു. അതിലേക്കുള്ള വലിയ കാല്‍വെപ്പാണ് ഐ എസ് പി എസ് അംഗീകാരത്തിലൂടെ യാഥാര്‍ത്ഥ്യമായതെന്നും ഐഎസ്പിഎസ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടുകൂടി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങള്‍ അന്താരാഷ്ട്ര തുറമുഖങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിക്കുകയും ഭാവിയില്‍ കൂടുതല്‍ ചരക്കുകയറ്റുമതി നടത്താന്‍ സാധിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തെ തുറമുഖങ്ങള്‍ കൂടുതല്‍ സജീവമാകാന്‍ പോകുകയാണെന്ന് മന്ത്രി പറഞ്ഞു. ബേപ്പൂര്‍, വിഴിഞ്ഞം, അഴീക്കല്‍, കൊല്ലം തുറമുഖങ്ങള്‍ സംസ്ഥാനത്ത് ചരക്ക് നീക്കത്തിന്റെ കേന്ദ്രമായി മാറുന്നതോടൊപ്പം ക്രൂയിസ് ടൂറിസത്തിന്റെ ഹബ്ബുകളായി മാറുമെന്നും മന്ത്രി പറഞ്ഞു.

നാല് തുറമുഖങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതോടെ സംസ്ഥാനത്തിലാകെ വികസനങ്ങള്‍ക്ക് കാരണമാകും. വ്യവസായ വാണിജ്യ മേഖലയുടെ പുരോഗതിക്ക് ഇതൊരു മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിദേശ യാത്രാ-ചരക്കു കപ്പലുകള്‍ തുറമുഖത്ത് പ്രവേശിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഐ.എസ്.പി.എസ്. സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!