ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു

കൊയിലാണ്ടി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാനപാതയിലെ കുറുവങ്ങാട് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുറുവങ്ങാട് സ്വദേശിയായ സനലിനാണ് പരിക്കേറ്റത്. ബാലുശ്ശേരി ഭാഗത്തുനിന്ന് വന്ന ബസ് എതിര്‍ദിശയിലൂടെ സഞ്ചരിച്ച് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകരുകയും ഡ്രൈവര്‍ സനല്‍ അതിനുള്ളില്‍ കുടുങ്ങുകയും ചെയ്തു.
കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് സനലിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.












