വയർമാൻ പരീക്ഷ പാസായവർക്ക് ഏകദിന പരിശീലനം

വയർമാൻ പരീക്ഷ പാസായവർക്ക് ഏകദിന പരിശീലനം

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 2025 വർഷത്തെ വയർമാൻ പരീക്ഷ വിജയിച്ചവർക്ക് ഒക്ടോബർ 14 ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലര വരെ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ ഏകദിന പരിശീലനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെയും പ്രായോഗിക പരീക്ഷകളുടെയും ഹാൾടിക്കറ്റ് സഹിതം ഹാജരായി, ക്ലാസ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. ക്ളാസ്സിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ വയർമാൻ പെർമിറ്റ് ലഭിക്കുകയുള്ളൂ.

അവസാന രണ്ട് വർഷങ്ങളിൽ പരീക്ഷ വിജയിച്ച്‌, പരിശീലന ക്ളാസ്സിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം.
ഫോൺ: 0495-2950002

 

പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം

ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികജാതിക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ പാസായിരിക്കണം.

പ്രായപരിധി – 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 33 വയസ്സ് കഴിയാത്തവരും

അപേക്ഷകർ ഒക്ടോബർ 26-ന് രാവിലെ 11 ന് ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകണം.
ഫോൺ: 0495-2260224

സെൻസസ് 2027: ഉദ്യോഗസ്ഥർക്കുള്ള ജില്ലാ തല പരിശീലനം 12 മുതൽ

സെൻസസ് 2027ന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല പരിശീലന പരിപാടി രണ്ട് ബാച്ചുകളിലായി ഒക്ടോബർ 12, 13, 14, 15 തീയതികളിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

ജില്ലയിലെ സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, സെൻസസ് ക്ലർക്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവർക്കാണ് പരിശീലനം.

ആദ്യ ബാച്ച് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 12 ന് രാവിലെ 9.30 നും രണ്ടാം ബാച്ച് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 14 ന് രാവിലെ 9.30നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഭരണഭാഷാ പുരസ്കാരങ്ങൾ 2026: അപേക്ഷ ക്ഷണിച്ചു

ഭരണരംഗത്ത് മലയാളത്തിന്റെ ഉപയോഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഭരണഭാഷാ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് എ, ബി, സി വിഭാഗത്തിൽ പെട്ട ജീവനക്കാർക്കും ഗ്രൂപ്പ് സി വിഭാഗത്തിലെ ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ജീവനക്കാർക്കും സംസ്ഥാന തലത്തിൽ ഭരണഭാഷാസേവന പുരസ്കാരങ്ങളും എല്ലാ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ഭരണഭാഷാഗ്രന്ഥരചനാ പുരസ്കാരവും ഗ്രൂപ്പ്‌ സി വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ജില്ലാതല ഭരണഭാഷാ പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.

2025 ൽ മലയാളത്തിൽ ചെയ്ത ജോലികളാണ് പരിഗണിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 12 ന് വൈകിട്ട് അഞ്ചിന്.

ജില്ലാതല അപേക്ഷകൾ ജില്ലാ കളക്ടർക്കും സംസ്ഥാനതല അപേക്ഷകൾ ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പിലുമാണ് സമർപ്പിക്കേണ്ടത്.

സംസ്ഥാനതല അപേക്ഷകൾ ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പ് അനക്സ് -1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്നീ വിലാസത്തിൽ ലഭ്യമാക്കണം.
ഇമെയിൽ: pardold@gmail.com.
ഫോൺ: 0471-2518792.

കെടാവിളക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷാ തീയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒ. ബി. സി വിഭാഗത്തിൽപ്പെട്ടതും കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന ‘കെടാവിളക്ക് പ്രീമെട്രിക് സ്കോളർഷിപ്പ്’ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടി.

www.egrantz.kerala.gov.in എന്ന വെബ്ബ് പോർട്ടൽ മുഖേന ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
ഫോൺ: 0495-2377786

ട്യൂട്ടോറിയല്‍ ഗ്രാന്റ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടപ്പ് സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന ട്യൂട്ടോറിയല്‍ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍
പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ മുഖേന ട്യൂഷന്‍
നല്‍കുന്നതിനും എസ്. എസ്. എല്‍. സി, പ്ലസ്ടു, ഡിഗ്രി കോഴ്‌സുകളിൽ
പരാജയപ്പെട്ട കുട്ടികള്‍ക്ക് ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് വീണ്ടും പരീക്ഷയെഴുതി വിജയിക്കുന്നതിനുള്ള ധനസഹായമാണ്
പദ്ധതിയിലൂടെ നല്‍കുന്നത്.

വിദ്യാര്‍ത്ഥികൾ പഠിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം, ബന്ധപ്പെട്ട ട്യൂട്ടോറിയല്‍
സ്ഥാപന മേധാവിയിയുടെ സാക്ഷ്യപത്രം, ഹാജര്‍ വിവരണം,
ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, രക്ഷകര്‍ത്താവിന്റെ ബാങ്ക്
അക്കൗണ്ട് പാസ്സ് ബുക്കിന്റെ പകർപ്പ്, ആധാര്‍ കാർഡിന്റെ പകര്‍പ്പ് എന്നിവ സഹിതം https://stddservice.kerala.gov.in എന്ന സൈറ്റ്
മുഖേന നവംബര്‍ 15 നുള്ളില്‍ അപേക്ഷിക്കേണ്ടതാണ്.
ഫോണ്‍: 0495-2376364, 9496070340

സ്‌കോളര്‍ഷിപ്പ് വിതരണം: വിദ്യാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ 2008 മുതല്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഇ-ഗ്രാന്റ്‌സ് മുഖേന നൽകിവരുന്ന സ്‌കോളര്‍ഷിപ്പ് വിതരണം തടസ്സമില്ലാതെ ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് ജില്ലാ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കുമ്പോൾ ലഭിക്കുന്ന ഒ.ടി.ആര്‍. നമ്പര്‍ ഇ-ഗ്രാന്റ്‌സ് സൈറ്റില്‍ എന്‍ട്രി വരുത്തിയാൽ മാത്രമേ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികളുടെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥിയുടെയോ രക്ഷിതാവിന്റെയോ മൊബൈല്‍ നമ്പര്‍ അക്ഷയ വഴി ആധാറുമായി ലിങ്ക് ചെയ്തതിന് ശേഷം ബാങ്ക് മുഖേന ആധാര്‍, ബാങ്ക് അക്കൗണ്ടുമായി സീഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.ഇത്തരത്തില്‍ സീഡ് ചെയ്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് മാപ്പിംഗ് എൻ. പി. സി. ഐ (നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) യില്‍ പരിശോധിച്ച് ആധാര്‍ സീഡ് ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ പോസ്റ്റ് മെട്രിക്‌ സ്കോളര്‍ഷിപ്പിന് നവംബര്‍ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഫോണ്‍ : 0495-2376364, 9496070340

സംസ്ഥാന ഭിന്നശേഷി അവാർഡ് 2026:
നോമിനേഷനുകൾ ക്ഷണിച്ചു

സംസ്‌ഥാന സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമായി നൽകുന്ന ‘സംസ്ഥാന ഭിന്നശേഷി അവാർഡ് 2026’ ന് നോമിനേഷനുകൾ ക്ഷണിച്ചു. 16 വ്യത്യസ്ത വിഭാഗങ്ങളിലായി 30 അവാർഡുകളാണ് നൽകുന്നത് ക്യാഷ് അവാർഡും മൊമന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.

ഭിന്നശേഷി വിഭാഗത്തിലെ മികച്ച ജീവനക്കാർ (ഗവ./പബ്ലിക് പ്രൈവറ്റ് സെക്ടർ), മികച്ച തൊഴിൽദായകർ, മികച്ച എൻ.ജി.ഒ/പുനരധിവാസ കേന്ദ്രങ്ങൾ, മാതൃകാ വ്യക്തിത്വങ്ങൾ, മികച്ച സർഗ്ഗാത്മക കഴിവുള്ള കുട്ടി, കല/സാഹിത്യം/കായിക മേഖലകളിൽ മികവ് തെളിയിച്ചവർ, (ഭിന്നശേഷി വിഭാഗം മാത്രം) ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങൾ/വെബ്സൈറ്റുകൾ/റിക്രിയേഷൻ സെന്ററുകൾ, മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയാണ് പ്രധാന അവാർഡ് വിഭാഗങ്ങൾ.

വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നേരിട്ട് അപേക്ഷിക്കാനാകില്ല. അതാത് മേഖലയുമായി ബന്ധപ്പെട്ട ഔദ്യോഗിക അധികാരികൾ/ സ്ഥാപന മേധാവികൾ യോഗ്യരായവരെ നിർദ്ദിഷ്ട മാതൃകയിലുള്ള പ്രൊഫോർമയിൽ രേഖകൾ സഹിതം നാമനിർദ്ദേശം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നോമിനേഷനുകൾ അതാത് കൺട്രോളിംഗ് ഓഫീസറുടെ ശുപാർശയോടെ നൽകണം.

പൂരിപ്പിച്ച നോമിനേഷനുകൾ ഒക്ടോബർ 25 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.
ഇമെയിൽ: dsjokkd@gmail.com
ഫോൺ: 0495-2371911

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!