സബ്ജില്ലാ കായികമേളയിലെ മിന്നും താരം ലൂമിന മറിയത്തിന് പുളിയഞ്ചേരി യു.പി. സ്‌കൂള്‍ പി.ടി.എയുടെ ഉപഹാരം

പുളിയഞ്ചേരി: കൊയിലാണ്ടി സബ്ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ ലൂമിന മറിയത്തിന് പുളിയഞ്ചേരി യു.പി. സ്‌കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. മേളയിലെ 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ലൂമിന വിദ്യാലയത്തിന്റെ അഭിമാനതാരമായി മാറിയത്. കായികമേളയില്‍ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവെച്ച സ്‌കൂളിലെ മറ്റ് കായിക പ്രതിഭകളെയും ചടങ്ങില്‍ വെച്ച് അഭിനന്ദിച്ചു.
സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു. എ.പി. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് എം.കെ. ശ്രീലിഷ് ലൂമിന മറിയത്തിന് ഉപഹാരം സമര്‍പ്പിച്ചു. എസ്.എസ്.ജി. കണ്‍വീനര്‍ പ്രഭീഷ് കണാരന്‍കണ്ടി, റീജ കെ.പി., റഷീദ് പുളിയഞ്ചേരി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.












