Primeedition

Real news on-time

ഭക്ഷണശാലകളിലും അതിഥി തൊഴിലാളി ക്യാമ്പുകളിലും ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; ഇരുപതോളം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

മേപ്പയൂര്‍: ‘ഹെല്‍ത്തി കേരള’ ശുചിത്വ പദ്ധതിയുടെ ഭാഗമായി മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ ഭക്ഷണശാലകളിലും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും വ്യാപക പരിശോധന നടത്തി. കീഴ്പ്പയൂര്‍ പള്ളി, താളം സെന്റര്‍, ജനകീയ മുക്ക്, മേപ്പയൂര്‍ ടൗണ്‍ പരിസരം, ഹൈസ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഇരുപതോളം സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ഓയില്‍ മില്ലുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, തട്ടുകടകള്‍, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കി. കേന്ദ്ര പുകയില നിയന്ത്രണ നിയമം ലംഘിച്ച ഒരു സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കി. ഹോട്ടലുകളിലെ മലിനജലം ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ കെട്ടിട ഉടമകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.

മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. എം. ഗിരീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം. പി. സുലൈഖ, പി. നീതു, അമ്പിളി എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!