കൊയിലാണ്ടി അണ്ടർപാസിൽ ട്രെയിലർ ലോറി കുടുങ്ങി; മുന്നറിയിപ്പ് ബോർഡുകളില്ല, അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി

കൊയിലാണ്ടി: മുത്താമ്പി – അരിക്കുളം റോഡിലെ ദേശീയപാത അണ്ടര്‍പാസില്‍ വലിയ ട്രെയിലര്‍ ലോറി കുടുങ്ങി ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അടിപ്പാതയ്ക്ക് ആവശ്യത്തിന് ഉയരമില്ലാത്തതാണ് ഭാരം കയറ്റിയെത്തിയ വലിയ വാഹനം കുടുങ്ങാന്‍ കാരണമായത്. റൂട്ട് പരിചയമില്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവില്‍ ചരക്കുകളുമായി എത്തുന്ന വാഹനങ്ങളാണ് അടിപ്പാതയില്‍ പതിവായി അപകടത്തില്‍പ്പെടുന്നത്. അടിപ്പാതയുടെ ഉയരക്കുറവ് കാരണം മുന്‍പും നിരവധി തവണ സമാനമായ രീതിയില്‍ വലിയ ലോറികള്‍ കുടുങ്ങി മണിക്കൂറുകളോളം നീളുന്ന കടുത്ത ഗതാഗതക്കുരുക്ക് ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരും യാത്രക്കാരും പലതവണ ദേശീയപാത അധികൃതരെ വിവരമറിയിച്ചിരുന്നതുമാണ്. എന്നാല്‍ എന്‍ജിനീയറിങ്ങ് വിഭാഗം സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ സുരക്ഷാ പരിശോധനകള്‍ നടത്താനോ, ഉയരക്കൂടുതലുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡുകളോ ഉയരം നിയന്ത്രിക്കുന്ന ബാരിയറുകളോ സ്ഥാപിക്കാനോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന ഈ റോഡിലെ അപകടാവസ്ഥ ഒഴിവാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.












