ഭൂമി തരംമാറ്റ അപേക്ഷകളിൽ റെക്കോർഡ് തീർപ്പാക്കൽ; കോഴിക്കോട് ജില്ലയ്ക്ക് രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ കൂടി

അടുത്തമാസത്തോടെ പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യും: റവന്യൂ മന്ത്രി
സംസ്ഥാനത്ത് അടുത്തമാസത്തോടെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിയുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. 50,000-ത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾക്കും പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു. നടുവണ്ണൂർ,നാദാപുരം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വില്ലേജ് ഓഫീസുകളെ കാലാനുസൃതമായി പരിഷ്കരിക്കുക എന്നത് സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമാണ്. പൊതുജനങ്ങൾ വില്ലേജ് ഓഫീസുകളിൽ നേരിട്ടെത്തി അപേക്ഷ നൽകുന്ന കാലം മാറിയെന്നും വിരൽത്തുമ്പിൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സ്മാർട്ട് വില്ലേജ് ഓഫീസ് എന്നത് ജീവനക്കാർക്ക് കൂടുതൽ സൗകര്യത്തോടെ ജോലി ചെയ്യാനുള്ള കെട്ടിടം മാത്രമല്ല. പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുന്ന ജനസൗഹൃദ സേവനകേന്ദ്രമാകണമെന്നാണ് ലക്ഷ്യം. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി സേവനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഓടിയെത്തുന്നവരാണ് റവന്യൂ വകുപ്പ് ജീവനക്കാർ. ജനങ്ങളുടെ നികുതിപ്പണമാണ് ജീവനക്കാരുടെ ശമ്പളമെന്ന ബോധ്യത്തോടെ സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തിക്കണം. രാഷ്ട്രീയ വേർതിരിവില്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പുതിയ താലൂക്കുകൾ രൂപീകരിക്കുമ്പോൾ കൂടുതൽ പരിഗണന കിട്ടുന്ന ജില്ല കോഴിക്കോട് ആയിരിക്കുമെന്നും സമ്പൂർണ്ണ ഡിജിറ്റൈസേഷൻ ആണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർന്നു.
നടുവണ്ണൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാടിനു സമർപ്പിക്കുന്ന ചടങ്ങിൽ വി.ടി. സൂരജ് എം.എൽ.എ അധ്യക്ഷനായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുജ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി റീമ കുന്നുമ്മൽ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി അശോക്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ.പി. ഷാജി മാസ്റ്റർ, ബി.കെ. ജിജീഷ് മോൻ, ടി. നിസാർ മാസ്റ്റർ, പി. കാസിം, എ.സി. രാജഗോപാലൻ, രാജൻ അരുന്ധതി, അശോകൻ പുതുക്കുടി, സുനിൽകുമാർ ചടങ്ങിൽ പങ്കെടുത്തു. റവന്യൂ, ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി സ്വാഗതവും കോഴിക്കോട് എ.ഡി.എം കെ. ഷറീന നന്ദിയും പറഞ്ഞു.
നാദാപുരം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കെ എം അഭിജിത്ത് എംഎൽഎ അധ്യക്ഷനായിരുന്നു. കോഴിക്കോട് ജില്ലാ നിർമിതികേന്ദ്രം പ്രോജക്ട് മാനേജർ ഡെന്നിസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി,നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.കെ എം രഘുനാഥ്,തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമയ്യ പാട്ടത്തിൽ, നാദാപുരം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റംല ടീച്ചർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി അബ്ദുൾ ജലീൽ, വിദ്യാഭ്യാസ, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി ജയലക്ഷ്മി ടീച്ചർ, മുൻ എംഎൽഎ ഇ കെ വിജയൻ, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വക്കേറ്റ് എ സജീവൻ, സി എച്ച് മോഹനൻ, ബംഗ്ലത്ത് മുഹമ്മദ്,ശ്രീജിത്ത് മുടപ്പിലായി, കെ ടി കെ ചന്ദ്രൻ,യൂസഫ് പള്ളിയത്ത്, വത്സരാജ് മണലാട്ട്, ഇ കെ മുഹമ്മദ് റഫീഖ്, ഒ ഹരിദാസ്,വി കെ ചന്ദ്രൻ, കളത്തിൽബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി ഏരത്ത് ഇഖ്ബാൽ എന്നിവർ പങ്കെടുത്തു . കോഴിക്കോട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി സ്വാഗതമാശംസിച്ച ചടങ്ങിൽ എ ഡി എം കെ ഷറീന നന്ദി പറഞ്ഞു
നടുവണ്ണൂർ, നാദാപുരം വില്ലേജ് ഓഫീസുകളുടെ നിർമ്മാണം 100 ദിന കർമ്മപദ്ധതിയിൽപ്പെടുത്തി വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ യാഥാർഥ്യമായതോടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.












