പയ്യോളി അയനിക്കാട്ട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്, സിഗ്‌നല്‍ സംവിധാനം തകര്‍ന്നു

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് അയ്യപ്പക്ഷേത്രത്തിന് സമീപം വീണ്ടും വാഹനാപകടം. ഇന്ന് രാവിലെ 11 .30 ഓടെ അയ്യപ്പക്ഷേത്രത്തിനും ഹൈദ്രോസ് മസ്ജിദിനുമിടയില്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വടകര ഭാഗത്ത് നിന്നും വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറില്‍ പയ്യോളി ഭാഗത്ത് നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി ദേശീയപാതയിലെ ഡിവൈഡറും സമീപത്തുണ്ടായിരുന്ന സോളാര്‍ സിഗ്‌നല്‍ സംവിധാനവും ഇടിച്ചുതകര്‍ത്തു. ഈ ഭാഗത്ത് വാഹനാപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.












