കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗ് കവർന്ന പ്രതി പിടിയിൽ; ഫോണും പണവും കണ്ടെടുത്തു

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരിയുടെ ബാഗും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ തൃശൂര്‍ മണ്ണുത്തി സ്വദേശി മനു കെ. (47) യെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിനിയായ യാത്രക്കാരിയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. സെപ്റ്റംബര്‍ 3-ന് രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വച്ചായിരുന്നു സംഭവം. വിവോ കമ്പനിയുടെ മൊബൈല്‍ ഫോണ്‍, 5000 രൂപ, എ.ടി.എം കാര്‍ഡ് എന്നിവ അടങ്ങിയ ബാഗാണ് പ്രതി അപഹരിച്ചത്.
സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും, സെപ്റ്റംബര്‍ 9-ന് രാത്രി റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയില്‍ നിന്ന് മോഷണം പോയ ഫോണും ബാക്കി തുകയും പോലീസ് കണ്ടെടുത്തു. തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട്, പാലക്കാട് റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ മുന്‍പും നിരവധി മോഷണക്കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് പിടിയിലായ മനു.
റെയില്‍വേ പോലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍, ഇന്റലിജന്‍സ് എസ്.ഐ. സത്യന്, എ.എസ്.ഐ ഷമീര്‍, പി.ബി. ജോസ്, അഖിലേഷ്, ആര്.പി.എഫ് എ.എസ്.ഐ രലുനാഥ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ബൈജു, വിജേഷ്, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












