വലിയമലയിൽ ജനകീയ മാർച്ച്: കൊയിലാണ്ടി നഗരസഭയുടെ പദ്ധതികൾക്കെതിരെ അനിശ്ചിതകാല സമരം

കൊയിലാണ്ടി: ജനവാസ മേഖലയായ വലിയമലയിൽ നഗരസഭ നടപ്പിലാക്കുന്ന മലിനീകരണ പദ്ധതികൾക്കെതിരെ വലിയമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി. പ്രദേശവാസികൾ കൂട്ടത്തോടെ പങ്കെടുത്ത മാർച്ച് പോലീസ് തടഞ്ഞു. നഗരസഭ ജനവിരുദ്ധ പദ്ധതികളിൽ നിന്ന് പിന്മാറുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
15 വർഷം മുൻപ് ജനകീയ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച സ്ഥലത്താണ് ഇപ്പോൾ പുകയില്ലാത്ത ശ്മശാനവും തെരുവ് നായ വന്ധീകരണ കേന്ദ്രവും കൊണ്ടുവരാൻ നഗരസഭ ശ്രമിക്കുന്നത്.
പദ്ധതി ബാധിക്കുന്ന 23, 24 വാർഡുകളിലെ ഗ്രാമസഭകളിൽ ചർച്ച ചെയ്യാതെ നിർമ്മാണം ആരംഭിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി.
മാർച്ച് സമരസമിതികളുടെ കോഡിനേറ്റർ എ. എം. അഖിൽകുമാർ ഉദ്ഘാടനം ചെയ്തു. വി. കെ. അഭീഷ് ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. വി. പ്രദീപ് ബാബു, എ. എം. സ്മിത, പി. എം. വേലായുധൻ, കെ. വി. സജീവൻ, മോഹനൻ പയർവീട്ടിൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.












