ഖരമാലിന്യ പരിപാലന ചട്ടം 2026: ജനപ്രതിനിധി പരിശീലന പരിപാടിക്ക് തുടക്കം

കോഴിക്കോട്: ഖരമാലിന്യ പരിപാലന ചട്ടം 2026-ന്റെ ഫലപ്രദമായ നിര്‍വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കും ഉത്തരവാദിത്വവും സംബന്ധിച്ച് ജില്ലയില്‍ ഏകദിന പരിശീലന പരിപാടിക്ക് തുടക്കമായി. ചട്ടത്തിലെ വ്യവസ്ഥകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകള്‍, ഉറവിടതല മാലിന്യസംസ്‌കരണം, ശാസ്ത്രീയ മാലിന്യ പരിപാലനം എന്നിവ സംബന്ധിച്ചാണ് പരിശീലനം നല്‍കുന്നത്.

തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍ കെ ഹരീഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അജിത അധ്യക്ഷയായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഎസ് സുലീല്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ സത്യനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി, അസിസ്റ്റന്റ് ഡയറക്ടര്‍ സുപിന്‍, ബി.ഡി.ഒ. പി എസ് ബ്രിജേഷ്, ജെ എച്ച് പ്രജീദ്, സി കെ സരിത്ത്, വിന്‍സന്റ് ജോണ്‍, മുഹമ്മദ് ഇര്‍ഷാദ്, അനില്‍കുമാര്‍, പി കെ ഷിജു, അഷിദ തുടങ്ങിയവര്‍ സംസാരിച്ചു.

സെപ്റ്റംബര്‍ 16-നകം കോഴിക്കോട് ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം പൂര്‍ത്തീകരിക്കും. പുതിയ ഖരമാലിന്യ പരിപാലന ചട്ടത്തിന്റെ ഫലപ്രദമായ നടപ്പാക്കലിലൂടെ ശാസ്ത്രീയവും സുസ്ഥിരവുമായ മാലിന്യ പരിപാലന സംവിധാനം തദ്ദേശതലത്തില്‍ ശക്തിപ്പെടുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.

2026-ലെ ഖരമാലിന്യ പരിപാലന ചട്ടം രാജ്യത്തെ നഗര-ഗ്രാമ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വിവിധ വിഭാഗങ്ങളിലുള്ള മാലിന്യ ഉല്‍പാദകര്‍ക്കും ബാധകമാണ്. ചട്ടപ്രകാരം മാലിന്യം ഉറവിടത്തില്‍ തന്നെ നാല് വിഭാഗങ്ങളായി വേര്‍തിരിക്കുന്നത് നിര്‍ബന്ധമാണ്. നനഞ്ഞ മാലിന്യം, ഉണങ്ങിയ മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമായ മാലിന്യം എന്നിങ്ങനെയാണ് പ്രധാന വിഭാഗങ്ങള്‍.

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുക, തദ്ദേശ സ്ഥാപനങ്ങള്‍ വഴി ശാസ്ത്രീയമായ ശേഖരണം ഉറപ്പാക്കുക, ജൈവമാലിന്യം പരമാവധി ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക, പുനരുപയോഗിക്കാവുന്നതും പുനഃചംക്രമണം ചെയ്യാവുന്നതുമായ മാലിന്യങ്ങള്‍ പരമാവധി വീണ്ടെടുക്കുക, ശേഷിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുകയും നിക്ഷേപിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പുതിയ ചട്ടത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍മാര്‍ക്ക് പ്രത്യേക ഉത്തരവാദിത്വങ്ങളും ചട്ടത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് പരിസ്ഥിതി നഷ്ടപരിഹാരം ഏര്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും ചട്ടത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!