നീറ്റ് പുനഃപരീക്ഷ: അധ്യാപകർ ലോക്ഡൗണിൽ, മൊബൈൽ ഫോണിനും ഇന്റർനെറ്റിനും നിയന്ത്രണം

നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, രാജ്യത്തെ പ്രവേശന പരീക്ഷാ ചരിത്രത്തിലെ ഏറ്റവും കർശനമായ സുരക്ഷാ സംവിധാനങ്ങളൊരുക്കി കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (എന്‍ടിഎ). ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങളാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മെയ് മാസം നടന്ന പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ്, പരീക്ഷാ നടത്തിപ്പിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടുള്ള ഈ അസാധാരണ നടപടി.

പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പർ തയ്യാറാക്കൽ, മോഡറേഷൻ, വിവിധ ഭാഷകളിലേക്കുള്ള വിവർത്തനം എന്നിവയിൽ പങ്കാളികളായ മുഴുവൻ വിദഗ്ധരെയും അതീവ രഹസ്യ സ്വഭാവമുള്ള ഒരു കേന്ദ്രത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ജൂൺ 21ന് പരീക്ഷ അവസാനിക്കുന്നത് വരെ ഇവർ പൂർണ്ണമായും ലോക്ക്ഡൗണിലായിരിക്കു മെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചോദ്യപ്പേപ്പർ നിർമ്മാണത്തിന്റെ പ്രാഥമിക ഘട്ടം മുതൽ തന്നെ അതിശക്തമായ സുരക്ഷാ വലയമാണ് അധികൃതർ തീർത്തിരിക്കുന്നത്. പരീക്ഷാ ചുമതലയുള്ള വിദഗ്ധർക്ക് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ ഉപയോഗിക്കുന്നതിന് കർശന വിലക്കുണ്ട്. പുറംലോകവുമായി യാതൊരുവിധ ബന്ധവും അനുവദിക്കില്ല. ഇവർ കഴിയുന്ന കേന്ദ്രത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. അതീവ സുരക്ഷയുള്ള കേന്ദ്രത്തിന് ചുറ്റും ഇരുപത്തിനാല് മണിക്കൂറും കർശന നിരീക്ഷണമുണ്ടാകും. മുൻകൂട്ടി അനുമതിയുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്. അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ നീക്കങ്ങളും രേഖപ്പെടുത്തും.

മെയ് 3ന് നടന്ന നീറ്റ് പരീക്ഷാചോദ്യപേപ്പര്‍ ചോർന്നത്, 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളെയാണ് പ്രതിസന്ധിയിലാക്കിയത്. അതേസമയം ചോദ്യപേപ്പര്‍ ചോരാൻ സാധ്യതയുള്ള എല്ലാ വഴികളും അടയ്ക്കുന്നതിന്റെ ഭാഗമായി, പരീക്ഷാ സാമഗ്രികൾ രാജ്യത്തുടനീളം എത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക് വെരിഫിക്കേഷനും എഐ അധിഷ്ഠിത സിസിടിവി നിരീക്ഷണവും ഇത്തവണ നിർബന്ധമാക്കിയിട്ടുണ്ട്.

ജൂൺ 21നാണ് രാജ്യത്തെ 551 നഗരങ്ങളിലായി നീറ്റ് പുനഃപരീക്ഷ നടക്കുക.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!