
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിൽ പൊതുവും സ്വകാര്യവുമായ സ്ഥലങ്ങൾ കണ്ടെത്തി കളിസ്ഥലങ്ങൾ നിർമ്മിച്ച് കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള നൂതന പദ്ധതിക്ക് തുടക്കമായി.
“പ്ലേ ഫോർ ഹെൽത്ത് – പന്തലായനി ബ്ലോക്ക് പഞ്ചായത്ത്” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ സ്വതന്ത്ര ഗവേഷകനും കായിക, ആരോഗ്യ, സാമൂഹിക രംഗങ്ങളിലെ വിദഗ്ധനുമായ പ്രസാദ് വി. ഹരിദാസൻ വിഷയാവതരണം നടത്തി. വിവിധ ഗ്രാമപഞ്ചായത്ത് വാർഡുകളിലെ ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ശിൽപ്പശാലയിൽ പങ്കെടുത്തു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അനുഷ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുന്നുമ്മൽ സ്വാഗതം പറഞ്ഞു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ആശംസകൾ നേർന്ന് സംസാരിച്ചു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും യുവതലമുറയുടെ ആരോഗ്യ സംരക്ഷണത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.









