നിതിൻ രാജിന്‍റെ മരണം; ദലിത് സംഘടനകളുടെ ഹർത്താൽ തുടരുന്നു

കോഴിക്കോട്: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചു.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സമരാനുകൂലികൾ ബസുകളും സ്വകാര്യവാഹനങ്ങളും തടഞ്ഞു. നിതിൻരാജ് ആക്ഷൻ കൗൺസിൽ 52 ദലിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ നടത്തുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

നിതിന്‍റെ നീതിക്കായി ശക്തമായി മുന്നോട്ടുപോകുമെന്നാണ് സമരാനുകൂലികളായ ആക്ഷൻ കൗൺസിലിന്‍റെ നിലപാട്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും വ്യാപകമായി വാഹനങ്ങൾ നിരത്തിലിറക്കിയതോടെയാണ് പ്രതിഷേധം കടുപ്പിച്ചതെന്നും സമരക്കാർ പ്രതികരിച്ചു. തിരുവന്തപുരം തമ്പാനൂരിലും എറണാകുളത്തും കണ്ണൂരിലുമടക്കം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഹർത്താനുകൂലികൾ വാഹനം തടഞ്ഞു. പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. നിരവധി സ്ഥലങ്ങളിൽ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് സമരം തുടരുകയാണ്.

രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!