കേരളത്തിൽ അമിതവണ്ണത്തിന്റെ നിരക്ക് കുതിച്ചുയരുന്നു

കേരളത്തിലെ മുതിർന്ന ജനസംഖ്യയുടെ ഏകദേശം 36% മുതൽ 38% വരെ ആളുകൾ അമിതഭാരമുള്ളവർ ആയി കണക്കാക്കപ്പെടുന്നു.

​ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, കേരളത്തിൽ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഈ നിരക്കിലെ വ്യത്യാസം കുറഞ്ഞുവരികയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 38% സ്ത്രീകളും 36% പുരുഷന്മാരും അമിതഭാരമുള്ളവരാണ്. ഇത് കേരളത്തിലെ അമിതവണ്ണത്തിന്റെ പ്രശ്നത്തെ ലിംഗഭേദമില്ലാത്ത ഒന്നായി മാറ്റുന്നു.
​ ഇന്ത്യയിലെ അമിതവണ്ണത്തിന്റെ ശരാശരി നിരക്ക് ഏകദേശം 20–24% ആയിരിക്കുമ്പോൾ, കേരളത്തിലെ ചില നഗരപ്രദേശങ്ങളിൽ ഇത് ദേശീയ ശരാശരിയുടേയും ഏകദേശം ഇരട്ടിയാണ്. പ്രമേഹം, അമിത രക്ത സമ്മർദ്ദം, ഹൃദയാഘാതം തുടങ്ങിയവയുടെ എണ്ണം വർധിക്കുന്നതിൻ്റെ പ്രധാന കാരണവും മറ്റൊന്നല്ല. പ്രായം കുറഞ്ഞവരിലെ മരണ നിരക്ക് കൂടുന്നതിനും പ്രധാന കാരണങ്ങളിൽ ഒന്ന് അമിതവണ്ണം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ്.
Calicut forum of internal Medicine ൻ്റെ വാർഷിക സമ്മേളത്തോട് അനുബന്ധിച്ച് നടന്ന ചർച്ചകളിൽ ആണ് ഈ കണക്കുകൾ അവതരിപ്പിച്ചത്.

കാലിക്കറ്റ് ഫോറം ഓഫ് ഇൻറേണൽ മെഡിസിൻ (CALFIM) സംഘടിപ്പിച്ച 27-ാമത് വാർഷിക സമ്മേളനം “CALFIM Clinical Summit 2026” കോഴിക്കോട് ഹോട്ടൽ ഗോകുലം ഗ്രാൻഡിൽ കോഴിക്കോട് ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സജീത് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
സംഘടനാ പ്രസിഡന്റ് ഡോ. ഉദയഭാസ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ദീപു കെ. പി., ട്രഷറർ ഡോ. സുരേഷ്‌കുമാർ എസ്. കെ., ഡോ. ഗീത പി. എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ ആധുനിക മെഡിസിനുമായി ബന്ധപ്പെട്ട നിരവധി പ്രാധാന്യമുള്ള വിഷയങ്ങൾ അവതരിപ്പിച്ചു. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) നിയമത്തിന്റെ പശ്ചാത്തലത്തിൽ രോഗികളുടെ ഡാറ്റാ സ്വകാര്യതയുടെ പ്രാധാന്യം, അമിത രക്തസമ്മർദ്ദ ചികിത്സയിലെ വെല്ലുവിളികൾ, വിറ്റാമിൻ B12 കുറവിന്റെ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ എന്നിവ ചർച്ചയായി.
ഇതോടൊപ്പം കേരളത്തിലെ ഉയർന്ന് വരുന്ന വൈറൽ അണുബാധകളെ കുറിച്ചും സിഫിലിസിന്റെ തിരിച്ചു വരവിനെ കുറിച്ചും പ്രത്യേക ചർച്ചകൾ നടന്നു. ക്ലിനിക്കൽ കേസ് ചർച്ചകൾ പങ്കെടുത്തവർക്കു പ്രായോഗിക അറിവ് വർധിപ്പിക്കുന്നതിൽ സഹായകരമായി.

മെഡിക്കൽ രംഗത്തെ പുതുപുത്തൻ അറിവുകളും പ്രായോഗിക സമീപനങ്ങളും പങ്കുവെച്ച ഈ സമ്മേളനം ശ്രദ്ധേയമായി. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്കുള്ള പോസ്റ്റർ മത്സരത്തിൽ ഡോ. ദേവീ കൃഷ്ണയ്ക്ക് ഒന്നാം സ്ഥാനവും ഡോ. ഗ്രീഷ്മ ജോർജ് ന് രണ്ടാം സ്ഥാനവും ലഭിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!