വിദ്യാഭ്യാസ മികവിന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റിന്റെ ആദരം

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (കെ.ടി.എ) കുവൈറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദന സമ്മേളനവും ശ്രദ്ധേയമായി. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.
കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവാസി സംഘടനകൾ നടത്തുന്ന ഇടപെടലുകൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങളും എം.എൽ.എ വിതരണം ചെയ്തു. അസോസിയേഷൻ ഫൗണ്ടർ മെമ്പർ ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിനീഷ് നാരായണൻ എം.എൽ.എയെ ഹാരർപ്പണം ചെയ്ത് സ്വീകരിച്ചു.
കൊയിലാണ്ടി താലൂക്കിലെ വിദ്യാഭ്യാസ പുരോഗതിക്കായി വർഷങ്ങളായി അർഹരായ വിദ്യാർഥികളെ കണ്ടെത്തി “ഉയരേ” എന്ന പേരിൽ സ്കോളർഷിപ്പും വിവിധ വിദ്യാഭ്യാസ സഹായങ്ങളും നൽകി അസോസിയേഷൻ നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.
അസോസിയേഷൻ ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതം പറഞ്ഞു. വി.പി. ഇബ്രാഹിംകുട്ടി, സാലിഹ് ബാത്ത, ഷംസുദ്ദീൻ കുക്കു, സനു കൃഷ്ണൻ, ബഷീർ അമേത്ത്, മജീദ് എം.കെ എന്നിവർ ആശംസകൾ നേർന്നു. മനാഫ് ഹംദ്, മുജീബ് കാന്തപുരം, ഹാഷിദ് മുണ്ടോത്ത്, ജെറീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഏരിയ കൺവീനർ സാദിഖ് തൈവളപ്പിൽ നന്ദി രേഖപ്പെടുത്തി.









