കഥകളി പഠന ശിബിരം ആരംഭിച്ചു, കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം
13 ദിവസം നീണ്ടു നിൽക്കുന്ന കഥകളി പഠന ശിബിരം ആരംഭി ച്ചു . പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ നടക്കുന്ന കഥകളി പഠന ശിബിരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മൃദു വാര്യർ ഉദ്ഘാടനം ചെയ്തു.
സർവ്വാരാധ്യനായ ഗുരു ചേമഞ്ചേരിയുടെ അനുഗ്രഹാശിസ്സുകളാണ് ഒരു ഗായിക എന്ന നിലയിൽ പ്രശോഭിക്കുന്നതിനുള്ള കരുത്ത് എനിക്ക് പ്രദാനം ചെയ്തത്. അദ്ദേഹവും അദ്ദേഹത്തിന്റെ കലാ സ്ഥാപനവും വളർന്നു വരുന്ന എല്ലാ കലാകാരന്മാർക്കും പ്രചോദനമായി മാറുന്നു. തീർച്ചയായും, ഇത്തരം പഠന ശിബിരത്തിലൂടെ കടന്നു പോവുന്ന മുഴുവൻ പേർക്കും ഭാവി കലാ പ്രവർത്തനങ്ങൾക്കുള്ള ഊർജ്‌ജം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. അതു കൊണ്ടു തന്നെ ഈ തട്ടകത്തിൽ ഒത്തു ചേരാൻ കഴിഞ്ഞ നാമോരോരുത്തരും ഭാഗ്യവാന്മാരാണ്. മൃദുല പറഞ്ഞു.
കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഓട്ടൻ തുള്ളൽ എന്നിവയിലാണ് ശിബിരത്തിൽ പരിശീലനം നല്കുന്നത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം പ്രേംകുമാർ, കലാനിലയം ഹരി, കലാനിലയം പത്മനാഭൻ, കലാമണ്ഡലം ശ്രീരാം, പ്രഭാകരൻ പുന്നശ്ശേരി എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
രാവിലെ 9.30 മുതൽ 4.30 വരെ നടക്കുന്ന പരിശീലന പരിപാടികൾ – 4.30 മുതൽ 5.30 വരെ എല്ലാ ദിവസവും നടക്കുന്ന പരിചയ സമ്പർക്ക പരിപാടികൾ, ഏപ്രിൽ 29, 30 മെയ് 1 തിയ്യതികളിൽ നടക്കുന്ന കലോത്സവം എന്നിവ ശിബിരത്തെ ഗ്രാമത്തിന്റെ ഒരു സാംസ്കാരികോത്സവമായി മാററുന്നു. മറ്റു ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പടെ എഴുപത്തിയഞ്ച് വിദ്യാർത്ഥികൾ ശിബിരത്തിൽ പങ്കെടുത്തു വരുന്നു.
പരിശീലന പരിപാടികൾ, പ്രഭാഷണങ്ങൾ, കലാവതരണങ്ങൾ, ഉല്ലാസ യാത്ര എന്നിവ ശിബിര പരിപാടികളിലെ വൈവിധ്യമാർന്ന ഇനങ്ങളാണ്. ഗ്രാമ പഞ്ചായത്ത് മെമ്പർ സുഗിത തെക്കേടത്ത്, കഥകളി വിദ്യാലയം പ്രസിഡണ്ട് Dr. എൻ.വി. സദാനന്ദൻ, സെക്രട്ടറി എൻ.കെ.ശശി, പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേം കുമാർ, PTA പ്രസിഡണ്ട് രതീഷ് കുമാർ എന്നിവർ സംസാരിച്ചു. മെയ് 1 ന് ശിബിര പരിപാടികൾക്ക് സമാപനമാവും.









