നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുജയ്ക്ക് മര്ദ്ദനം

കൊയിലാണ്ടി: നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുജയ്ക്ക് മർദ്ദനമേറ്റു. മന്ദൻകാവിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രമായ സി പി എന്റെർ പ്രൈസസ് ഉടമയും ഒരു സംഘം ആളുകളും ചേർന്നാണ് അക്രമം നടത്തിയത്. പ്രദേശത്ത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപെട്ടു സമര പരിപാടികൾ നടന്നു വരികയായിരുന്നു. അതിനിടയിൽ ഇന്നലെ രാത്രി ആശുപത്രി മലിന്യവുമായി വന്ന വാഹനത്തെ ചോദ്യം ചെയ്തതാണ് അക്രമത്തിനു കാരണം. സമരങ്ങൾക് നേതൃത്വം നൽകുന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രദേശത്തെ താമസക്കാരിയുമായ പി. സുജയുടെ വീടിന് നേരെയും കഴിഞ്ഞ ദിവസം അക്രമം ഉണ്ടായിരുന്നു.
വീട് ആക്രമിച്ച സംഭവത്തിൽ പോലിസ് ഉചിതമായ നടപടി എടുക്കാത്തത് കാരണമാണ് വീണ്ടും അക്രമത്തിലേക്ക് സ്ഥാപന ഉടമയും സംഘവും തിരിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നു. ആശുപത്രിയിൽ നിന്നടക്കമുള്ള മാലിന്യങ്ങൾ ആശാസ്ത്രീയമായ രീതിയിൽ ശേഖരിച്ചു വെക്കുകയും അവ പ്രോസസ്സ് ചെയ്യുകയുമാണ് സ്ഥാപനം. ഇത് സമീപ വാസികളായ ആളുകൾക്ക് ആരോഗ്യം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.
ശരീരമാസകലം ചൊറിച്ചിലും അലർജിയും കാരണം വിദ്യാർഥികൾ ഉൾപ്പടെയുള്ള ആളുകൾക്ക് ഗുരുതരമായ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം സ്ഥാപനത്തിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യം തീപ്പിടിച്ചതിനെ തുടർന്ന് സമീപവാസികളെ മാറ്റിപാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് സർവ്വകക്ഷി പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു. സ്ഥാപന ഉടമയും സംഘങ്ങളും ചേർന്ന് നടത്തുന്ന അക്രമങ്ങൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









