റവന്യൂ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി, ഉണ്ണികുളം മികച്ച വില്ലേജ് ഓഫീസ്

കോഴിക്കോട്: 2025ലെ റവന്യൂ അവാര്‍ഡിന് അര്‍ഹരായ ജില്ലയിലെ ഉദ്യോഗസ്ഥര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മന്ത്രി കെ രാജന് അധ്യക്ഷനായി.
മികച്ച വില്ലേജ് ഓഫീസായി താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്കാരത്തിന് എം.പി സന്തോഷ് കുമാര്‍ (കക്കോടി), വി. പ്രീത (നടുവണ്ണൂര്‍), ജിനീഷ് സി ചാപ്പയില്‍ (ഒഞ്ചിയം) എന്നിവരാണ് അര്‍ഹരായത്. മികച്ച ഭൂരേഖ തഹസില്‍ദാറായി കോഴിക്കോട് താലൂക്കിലെ സി ശ്രീകുമാറും മികച്ച ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാറായി കോഴിക്കോട് സ്പെഷ്യല്‍ തഹസില്‍ദാര്‍ എം ലിജയും മികച്ച ലാന്‍ഡ് അക്വിസിഷന്‍ (എന്‍.എച്ച്) തഹസില്‍ദാറായി കൊയിലാണ്ടി എല്‍.എ എന്‍.എച്ച് സ്പെഷ്യല്‍ തഹസില്‍ദാര്‍ വി ബിന്ദുവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.









