അന്താരാഷ്ട്ര ആയുർവേദ വെൽനെസ്സ് കോണ്‍ക്ലേവ്: വിദേശ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി ബി ടു ബി മീറ്റ്

കേരളത്തിലെ വെൽനസ് ടൂറിസത്തിന് ആഗോള തലത്തിൽ വലിയ സ്വീകാര്യത ഉള്ളതായി പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവിൽ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ബി ടു ബി മീറ്റിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലേക്കുള്ള വെൽനസ് പാക്കേജുകൾക്ക് വിദേശരാജ്യങ്ങളിൽ നിന്നും ആവശ്യക്കാർ ഏറെയാണെന്ന് ലണ്ടൻ സ്വദേശിയായ ലിൻഡ വിൽമോട്ട് അഭിപ്രായപ്പെട്ടു.

ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി (എപിഎസ്) സംസ്ഥാന ടൂറിസം വകുപ്പുമായും ആരോഗ്യ സംഘടനകളുമായും സഹകരിച്ചാണ് കോഴിക്കോട് ദ്വിദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കോണ്‍ക്ലേവില്‍ 34 രാജ്യങ്ങളില്‍ നിന്നുമായി 125-ലധികം പ്രതിനിധികൾ പങ്കെടുത്തു. കോൺക്ലെവിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷൻ സ്റ്റാൾ ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കേരള ടൂറിസം വെബ്സൈറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് ആയുര്‍വേദത്തെക്കുറിച്ച് അറിഞ്ഞതെന്ന് സൗദി അറേബ്യയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നോറ അല്‍ ഖാസിം പറഞ്ഞു. റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ്, സ്ലൊവാക്യ, ലെബനന്‍, ഇറ്റലി, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, ബള്‍ഗേറിയ, ഇസ്രായേല്‍, അര്‍മേനിയ, ജോര്‍ദാന്‍, തുര്‍ക്കി, പോളണ്ട്, പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുത്തത്.

ആയുര്‍വേദ മേഖലയിലെ വിദഗ്ധർ, ആഗോള വെല്‍നസ് ടൂറിസം പ്രതിനിധികൾ, നയരൂപകര്‍, അക്കാദമികുകൾ, വ്യവസായ പ്രമുഖര്‍, ട്രാവല്‍-കൊമേഴ്‌സ് പ്രൊഫഷണലുകള്‍ എന്നിവരുടെ ഒത്തുചേരലിന് കോണ്‍ക്ലേവ് വേദിയായി.

ഇന്ന് (ഫെബ്രുവരി നാല്) മുതല്‍ ആയുര്‍വേദ-വെല്‍നസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. കോഴിക്കോട് നിന്ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 12-ന് തിരുവനന്തപുരത്ത് അവസാനിക്കും. ആയുര്‍വേദ റിസോര്‍ട്ടുകൾ, വെല്‍നസ് കേന്ദ്രങ്ങൾ, ആയുര്‍വേദ ആശുപത്രികൾ, ആയുര്‍വേദ മരുന്ന് നിര്‍മ്മാണശാലകൾ തുടങ്ങിയവ സംഘം സന്ദര്‍ശിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!