എം.പി ഫണ്ട് വിനിയോഗം: അവലോകന യോഗങ്ങള്‍ ചേര്‍ന്നു

കോഴിക്കോട്: പ്രാദേശിക വികസന പദ്ധതിയില്‍ വിവിധ എം.പിമാര്‍ ജില്ലയില്‍ നിര്‍ദേശിച്ച പദ്ധതികളുടെ അവലോകന യോഗങ്ങള്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ശിപാര്‍ശ ചെയ്ത മുഴുവന്‍ പ്രവൃത്തികളും വേഗത്തില്‍ നടപ്പാക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കോഴിക്കോട് മണ്ഡലത്തിലെ പ്രവൃത്തികളുടെ അവലോകനമാണ് ആദ്യ യോഗത്തില്‍ നടന്നത്. എം കെ രാഘവന്‍ എം.പിക്ക് 2024-26 കാലയളവില്‍ അനുവദിച്ച 9.80 കോടി രൂപയില്‍നിന്ന് 8.20 കോടി രൂപയുടെ 254 പ്രവൃത്തികളാണ് നിര്‍ദേശിച്ചത്. ഇതില്‍ ഭരണാനുമതി ലഭിച്ച 3.50 കോടി രൂപയുടെ 98 പദ്ധതികള്‍ നിര്‍വഹണ ഘട്ടങ്ങളിലാണ്. 85.66 ലക്ഷം രൂപയുടെ 19 പ്രവൃത്തികള്‍ ഭൗതികമായി പൂര്‍ത്തീകരിച്ച് ബില്ലുകള്‍ തയാറാക്കിവരുന്നതായി യോഗത്തില്‍ അറിയിച്ചു.

രണ്ടാംഘട്ട അവലോകന യോഗത്തില്‍ ഷാഫി പറമ്പില്‍, പ്രിയങ്ക ഗാന്ധി, ഡോ. പി ടി ഉഷ, എളമരം കരീം, അഡ്വ. ജെബി മേത്തര്‍, ജോസ് കെ മാണി, പി വി അബ്ദുല്‍ വഹാബ്, സന്തോഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, പി പി സുനീര്‍ എന്നീ എംപിമാര്‍ ജില്ലയില്‍ നിര്‍ദേശിച്ച പദ്ധതികളുടെ അവലോകനം നടന്നു.

വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളിലായി 9.80 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 9.72 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് എം പി ശിപാര്‍ശ നല്‍കിയത്. 2024-25 വര്‍ഷത്തില്‍ 4.50 കോടി രൂപയുടെ 114 പദ്ധതികളും 2025-26 വര്‍ഷത്തില്‍ 5.22 കോടി രൂപയുടെ 98 പദ്ധതികളും ഉള്‍പ്പെടെ ആകെ 212 പ്രവൃത്തികളാണ് സമര്‍പ്പിച്ചത്. ഇതുവരെ 55 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഇതിനായി 1,57,50,000 രൂപ വിനിയോഗിച്ചു. 55 ലക്ഷം രൂപയുടെ 22 പ്രവൃത്തികള്‍ പുരോഗമിക്കുന്നു. വയനാട്, വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എം.പി ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ കൈമാറി. ഇതോടെ ആകെ വിനിയോഗിച്ച തുക 2,07,50,000 രൂപയായതായും യോഗത്തില്‍ അറിയിച്ചു.

പ്രിയങ്ക ഗാന്ധി എം.പിയുടെ ഫണ്ടില്‍നിന്ന് 92 ലക്ഷം രൂപയുടെ 12 പ്രവൃത്തികളാണ് ജില്ലയില്‍ അനുവദിച്ചത്. ഇതില്‍ ഭരണാനുമതി ലഭിച്ച 28.99 ലക്ഷം രൂപയുടെ 3 പ്രവൃത്തികള്‍ നിര്‍വഹണ ഘട്ടത്തിലാണ്. ഒമ്പത് പ്രവൃത്തികള്‍ക്ക് ഭരണാനുമതിക്കുള്ള നടപടികള്‍ നടന്നുവരുന്നു.

പി ടി ഉഷ എം.പിയുടെ ഫണ്ടില്‍നിന്ന് കോഴിക്കോട് ജില്ലയിലേക്ക് 4.35 കോടി അടങ്കല്‍ വരുന്ന 46 പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 1.84 കോടി രൂപയുടെ 33 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. കോഴിക്കോട് ജില്ലക്ക് പുറമെ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്ക് അനുവദിച്ച പ്രവൃത്തികളുടെ അവലോകനം മറ്റൊരു ദിവസം നടത്താനും തീരുമാനിച്ചു.

ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്‌നേഷ്, എംപിമാരായ ഷാഫി പറമ്പില്‍, പ്രിയങ്ക ഗാന്ധി എന്നിവരുടെ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!